ദുബായ്: ലോകത്തിലെ ഏറ്റവും വലിയ ബൈബിള്‍ കയ്യെഴുത്ത് പ്രതി ഒരുക്കിയ മലയാളി കുടുംബം ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സിൽ ഇടം നേടി.
യൂ.എ.യിലെ ദുബായ് പട്ടണത്തിൽ താമസിക്കുന്ന മനോജ് വര്‍ഗീസും അദ്ദേഹത്തിന്റെ ഭാര്യ സൂസനും മക്കളായ കരുണും കൃപയും അടങ്ങിയ 4 അംഗ കുടുംബാംഗങ്ങൾ ചേര്‍ന്ന് 153 ദിവസത്തിന്റെ അതികഠിന പ്രയത്നം കൊണ്ടാണ് ബൈബിളിന്റെ ഈ പ്രതി ലോകത്തിലെ തന്നെ ഏറ്റവും വലിയ കയ്യെഴുത്ത് പ്രതി ഒരുക്കിയിരിക്കുന്നത്.
എ.വൺ പേപ്പർ സൈസിൽ എഴുതി 1500 പേജുകൾ അടങ്ങിയ ഈ കൂറ്റൻ ബൈബിളിന് 85.5cm നീളവും 60.7cm വീതിയും ഉള്ളപ്പോൾ ഏകദേശം 151കിലോ ഭാരം വരുന്നുണ്ട്.
അതേസമയം, ഗിന്നസ് ബുക്കിൽ ഇടം നേടുകയായിരുന്നില്ല ബൈബിള്‍ എഴുതിയുണ്ടാക്കിയതിന്റെ പിന്നിലെ ഉദ്ദേശമെന്ന് മനോജ് വര്‍ഗീസിന്റെ ഭാര്യ സൂസന് പറഞ്ഞു. തങ്ങളുടെ മക്കള്‍ക്ക് സമ്മാനമായി നൽകാനായി സാധാരണ സൈസിലുള്ള പേജില്‍ എഴുതുവാനാണ് ആദ്യം തീരുമാനിച്ചത്.
മെയ് 11-ന് എഴുത്ത് ആരംഭിച്ചു. 153 ദിവസങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ 10-നാണ് എഴുത്ത് പൂര്‍ത്തിയായത്. ബൈബിളിലെ 60 പുസ്തകങ്ങളും സൂസന് തന്നെയാണ് പൂര്‍ത്തിയാക്കിയത്. ബാക്കിയുള്ളവ കുടുംബത്തിലെ മറ്റുള്ളവര്‍ക്ക് വീതിച്ചു നല്കി.
ബൈബിള്‍ കയ്യെഴുത്ത് പ്രതി നിലവില്‍ ജെബല്‍ അലിയിലെ മാർത്തോമാ പള്ളിയിലാണ് വെച്ചിരിക്കുന്നത്.