റിയാദ്: പ്രധാനപ്പെട്ട പല കേസുകളിലെ കുറ്റവാളികളെയും പ്രതികളെയും പാർപ്പിച്ചിരുന്ന സൗദിയിലെ റിയാദ് സെൻട്രൽ ജയിലിൽ വൻ അഗ്നിബാധ. കുറ്റവാളികളിൽ 3 പേർ മരണപ്പെടുകയും 21 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.
സൗദിയുടെ തലസ്ഥാന നഗരത്തിലെ സെൻട്രൽ ഡിസ്ട്രിക്റ്റായ മലസിൽ സ്ഥിതി ചെയ്യുന്ന ജയിലിൽ ഇന്നലെ (വ്യാഴാഴ്ച) പുലർച്ചെയാണ് അഗ്നിബാധയുണ്ടായത്. എന്നാൽ രാത്രി വളരെ വൈകിയാണ് അധികൃതർ വിവരം ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്. മലയാളികളടക്കം ഒട്ടേറെ രാജ്യങ്ങളിൽ നിന്നുള്ളവരും സൗദി പൗരന്മാരും ജയിൽപുള്ളികളായി ഇവിടെയുണ്ട്.
ജയിൽ വകുപ്പിനെ ഉദ്ധരിച്ച് സൗദി അറേബിയയുടെ പ്രസ് ഏജൻസിയാണ് ഈ വാര്‍ത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തീപിടിത്തമുണ്ടായ ഉടൻ ജയിൽ അധികൃതർ രക്ഷാപ്രവർത്തനം നടത്തുകയും തടവുകാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് ഒഴിപ്പിക്കുകയും പരിക്കേറ്റവരെ അടിയന്തര ശുശ്രൂഷകൾ നൽകി ശുമൈസിയിലെ കിങ് സൗദ് മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സമീപത്തെ മറ്റു വാർഡുകളിലേക്കും കെട്ടിടങ്ങളിലേക്കും പടർന്നുപിടിക്കുന്നതിനു മുമ്പായി സിവിൽ ഡിഫൻസിന്റെ അഗ്നിശമന സേനാ യൂണിറ്റുകൾ എത്തി തീ നിയന്ത്രണവിധേയമാക്കി.
അഗ്നിബാധയുണ്ടായതിന്റെ കാരണം കണ്ടെത്താനും അനന്തര നിയമനടപടികൾ സ്വീകരിക്കാനും അന്വേഷണം ആരംഭിച്ചതായി ജയിൽ വകുപ്പ് വക്താവ് മേജർ ജനറൽ അറിയിച്ചു.