ദോഹ: ഖത്തറിൽ നിന്നും പുറത്തേക്ക് യാത്ര ചെയ്യുന്നവർ തിരിച്ചു വരുമ്പോൾ ഇനി മുതൽ
റീ പെർമിറ്റിന് അപേക്ഷിക്കേണ്ടതില്ലെന്ന് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് (ക്യൂ.സി.ഓ) അറിയിച്ചു. അതേസമയം നിലവിൽ ഖത്തറിന് പുറത്തുള്ളവർക്ക് രാജ്യത്തേക്ക് തിരിച്ചുവരാൻ റീഎൻട്രി പെർമിറ്റിന് അപേക്ഷിക്കണം.ഞായറാഴ്ച മുതൽ പുറത്തു പോകുന്നവർക്കുള്ള റീ എൻട്രി പെർമിറ്റ് സ്വമേധയാ ലഭ്യമാകും.
ഖത്തറിൽ നിന്നും യാത്ര പുറപ്പെട്ട ഉടനെ, ഓട്ടോമാറ്റിക് ആയി ഈ പെർമിറ്റ് ലഭ്യമാകും. യാത്ര ചെയ്യുന്നവർക്കോ അവരുടെ കമ്പനിക്കോ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ നിന്നും റീഎൻട്രി പെർമിറ്റ് പ്രിന്റ് ചെയ്യാവുന്നതാണ്. കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് ക്യൂ.സി.ഓ. അറിയിച്ചു.
പുറത്തുപോയവർ തിരിച്ചുവരുമ്പോൾ ക്വാറന്റീൻ കാലാവധി ഒരാഴ്ചയായിരിക്കും. ഈ കാലാവധി എല്ലാ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കും ബാധകമാണ്. ഇന്ത്യയിൽ നിന്നും മടങ്ങി വരുന്നവർക്ക് ഹോട്ടൽ ക്വാറന്റീൻ തുടർന്നും നിർബന്ധമായിരിക്കും. ഒന്നിലധികം പേർ ഷെയർ ചെയ്തു താമസിക്കുന്നുവെങ്കിൽ ക്വാറന്റീൻ രണ്ട് ആഴ്ചയായിരിക്കും.
രാജ്യത്ത് എത്തിയാൽ ഉടൻതന്നെ കോവിഡ് ടെസ്റ്റ് നിർബന്ധമാണ്. അതേസമയം, യാത്ര ചെയ്യുന്നതിന്റെ 48 മണിക്കൂർ മുമ്പ് പുറപ്പെടുന്ന രാജ്യത്ത് വെച്ച് കോവിഡ് ടെസ്റ്റ് നടത്തിയാൽ ഖത്തറിൽ കോവിഡ് പരിശോധന നിർബന്ധമല്ല. പക്ഷെ ഖത്തറിലെ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് പരിശോധനാ കേന്ദ്രങ്ങളിൽ നിന്നായിരിക്കണം പരിശോധന നടത്തേണ്ടത്.
ഖത്തറിലെത്തി ആറാം ദിവസം രണ്ടാമത്തെ കോവിഡ് പരിശോധന നടത്തണം. ഏഴാം ദിവസം വരെ ഇവരുടെ മൊബൈൽ ഫോണിലെ ഇഹ്തിറാസ് ആപ്പിൽ മഞ്ഞയായിരിക്കും. നവംബർ 29 ഞായറാഴ്ചയോടുകൂടി ഈ തീരുമാനങ്ങൾ പ്രാബല്യത്തിൽ വരും.