മൊസ്യൂൾ: ലോകരക്ഷകന്റെ ജനനം അനുസ്മരിക്കുന്ന ക്രിസ്തുമസ് പൊതു അവധിദിനമായി ഇറാഖി ഭരണകൂടം അംഗീകരിച്ച് പ്രഖ്യാപനം നടത്തി. ഡിസംബർ 16 ന് ഇറാഖി പാർലമെന്റ് ‘ചേംബർ ഓഫ് കൊമേഴ്സി’ൽ അവതരിപ്പിച്ച ബില്ലിലൂടെയാണ് നിർണായകമായ ഈ നയതീരുമാനം കൈക്കൊണ്ടത്. സുരക്ഷാഭീഷണി പൂർണമായി അകന്നിട്ടില്ലെങ്കിലും ഭരണകൂടത്തിന്റെ പുതിയ തീരുമാനത്തെ സന്തോഷത്തെടെ സ്വീകരിക്കുകയാണ് ഇറാഖി ക്രൈസ്തവർ. 2021 മാർച്ച് അഞ്ചുമുതൽ എട്ടുവരെ നടക്കുന്ന ഫ്രാന്‍സിസ് പാപ്പയുടെ പര്യടനത്തിന് മാസങ്ങൾമാത്രം ശേഷിക്കേ ഉണ്ടായ ഈ പ്രഖ്യാപനം ഇറാഖി ക്രൈസ്തവർക്കുള്ള സര്‍ക്കാരിന്റെ ക്രിസ്തുമസ് സമ്മാനമായി ഇതിനെ നിരീക്ഷിക്കപ്പെടുന്നു.
ക്രിസ്മസ് ദിനം ഒറ്റത്തവണ മാത്രം പൊതുഅവധിയായി 2008ൽ ഇറാഖ് പ്രഖ്യാപിച്ചിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ ദേശീയതലത്തിൽ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉണ്ടായില്ല. ദേശീയ അവധി ദിനങ്ങൾ പുനക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് 2018ൽ നടന്ന ചർച്ചയിൽ, ക്രിസ്മസ് പൊതുഅവധി ദിനമായി മാറ്റാൻ കാബിനറ്റ് അംഗീകാരം നൽകിയിരുന്നു.
അതുസംബന്ധിച്ച തീരുമാനത്തിലാണ് ഇപ്പോൾ പാർലമെന്റ് അംഗീകാരം നൽകിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 17ന് ഇറാഖി പ്രസിഡന്റ് ബര്‍ഹാം സാലിയുമായി കല്‍ദായ പാത്രിയാര്‍ക്കീസായ കര്‍ദ്ദിനാള്‍ ലൂയീസ് റാഫേല്‍ സാകോ നടത്തിയ കൂടിക്കാഴ്ചക്കിടയില്‍ ഇറാഖില്‍ ക്രിസ്തുമസ് വാര്‍ഷിക അവധിയായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിരുന്നു. പ്രസിഡന്റ് ബർഹാം സാലിഹുമായുള്ള കൂടിക്കാഴ്ചയിൽ, ക്രിസ്മസ് ദിനം പൊതു അവധിയാക്കണമെന്ന ആവശ്യം അദ്ദേഹം ഉന്നയിച്ചിരുന്നു. ഇറാഖി പാര്‍ലമെന്റിന്റെ തീരുമാനത്തെ കര്‍ദ്ദിനാള്‍ സാകോ അഭിനന്ദിച്ചു.
രാജ്യത്തെ ജനങ്ങളിൽ 98% ശതമാനവും ഇസ്ലാം മതവിശ്വാസികളായ ഇറാഖിലെ
സമാനതകളില്ലാത്ത ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ സൃഷ്ടിച്ച മുറിവുകൾ ഉണക്കാൻ പ്രസിഡന്റ് ബർഹാം സാലിഹിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം കൈക്കൊള്ളുന്ന നിർണായക നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
2018 ഒക്ടോബറിൽ പ്രസിഡന്റായി ബർഹാം സാലിഹ് തിരഞ്ഞെടുക്കപ്പെട്ടശേഷം, ക്രൈസ്തവരെകൂടി ഉൾക്കൊള്ളുന്ന സമൂഹനിർമിതിയിലാണ് ഭരണകൂടം ശ്രദ്ധയൂന്നുന്നത്. ഐസിസ് അധിനിവേശം മൂലം പലായനം ചെയ്ത ക്രൈസ്തവരുടെ തിരിച്ചുവരവിന് രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധത നിരവധി തവണ അദ്ദേഹം ആവർത്തിച്ചിരുന്നു. ഇംഗ്ലണ്ടിൽ നിന്നും എഞ്ചിനീയറിംഗ് ബിരുദം നേടിയ ഇറാഖി കുർദ്ദിഷ് വംശജനായ ബർഹാം സാലിഹ് മുൻ ഇറാഖി പ്രസിഡന്റ് സദ്ദാം ഹുസൈന്റെ കാലത്ത് ഇറാഖിൽ നിന്നും നാടുകടത്തപ്പെട്ട വ്യക്തിയാണ്.