ദോഹ- തൊഴിലുടമയുടെ അനുമതിയില്ലാതെ രാജ്യം വിടാന്‍ പ്രവാസികള്‍ക്ക് സാധിക്കുന്ന പുതിയ വിസ നിയമ പരിഷ്കാരം ഖത്തറില്‍ നിലവില്‍ വന്നു.
2018 ലെ പതിനെട്ടാം നമ്പര്‍ നിയമമായാണ് പുതിയ ഭേദഗതി നടപ്പില്‍ വരികയെന്ന് ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. രാജ്യം വിടാന്‍ സ്പോണ്‍സറുടെ അനുമതി ആവശ്യമുണ്ടെന്ന നിബന്ധന എടുത്തുകളയുമെന്ന് സെപ്റ്റംബറില്‍ ഖത്തര്‍ പ്രഖ്യാപിച്ചിരുന്നു.
ഖത്തറില്‍ നിലവിലുള്ള വിദേശതൊഴിലാളികളില്‍ അഞ്ചു ശതമാനം പേര്‍ക്കൊഴികെ ബാക്കിയെല്ലാവര്‍ക്കും ഇനി സ്പോണ്‍സറുടെ അനുമതിയില്ലാതെ റീ എന്‍ട്രി, എക്സിറ്റ് വിസകളില്‍ രാജ്യം വിടാം. ഇപ്രകാരം രാജ്യം വിടാന്‍ ആര്‍ക്കെങ്കിലും അനുമതി ലഭിക്കാതിരുന്നാല്‍ അവര്‍ക്ക് ഇതിനായുള്ള പ്രത്യേക സമിതി മുമ്പാകെ പരാതി നല്‍കാം. മൂന്നു ദിവസത്തിനകം പരാതി തീര്‍പ്പാക്കും.
ഐക്യരാഷ്ട്രസഭയുടെ രാജ്യാന്തര തൊഴില്‍ സംഘടനയുമായി കഴിഞ്ഞ നവംബറില്‍ ഉണ്ടാക്കിയ ധാരണപ്രകാരമാണ് പുതിയ വിസ പരിഷ്കാര നടപടി. 2022 ലെ ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന ഖത്തറിന് മേല്‍ തൊഴില്‍ നിയമങ്ങളിലെ അപരിഷ്കൃതത്വങ്ങള് മാറ്റാന്‍ രാജ്യാന്തര സമ്മര്‍ദമുണ്ടായിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ പൊതുവേ നിലനില്‍ക്കുന്ന കഫാല സമ്പ്രദായത്തിന് കനത്ത തിരിച്ചടി കൂടിയാണ് ഖത്തറിന്റെ തീരുമാനം.