ദുബായ് : ഐ .പി .സി ബെഥേൽ സഭ പി. വൈ. പി .എ ആഭിമുഖ്യത്തിൽ ” സൈബർ ലോകത്തെ ചതിക്കുഴികളും, സോഷ്യൽ മീഡിയ അഡിക്ഷനും” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. അധ്യാപകനും, എഴുത്തുകാരനുമായ ഡഗ്ളസ് ജോസഫ് ക്ലാസ് നയിച്ചു.
സൈബർ ലോകത്തു പതിയിരിക്കുന്ന അപകടങ്ങളെപ്പറ്റി പുതുതലമുറ ബോധവാന്മാർ അല്ലെന്നും, അവരെ സൈബർ ക്രിമിനലുകളിൽ നിന്നും രക്ഷിക്കാൻ അവബോധം നൽകേണ്ടത് അനിവാര്യമാണെന്നും ഡഗ്ളസ് പറഞ്ഞു.
ബ്ലൂ വെയിൽ ആത്മഹത്യ ഗെയിം മുതൽ, ഏറ്റവും ഒടുവിലത്തെ വാട്ട്സ്ആപ്പ് മരണഗ്രൂപ്പുകൾ വരെയുള്ളവ കൗമാരക്കാരെ കെണിയിലാക്കാൻ ശ്രമിക്കുന്നു. സൈബർ സുരക്ഷ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. നവമാധ്യമങ്ങൾ പ്രായഭേധ്യമെന്ന്യേ എല്ലാവരെയും ആസക്തിയുടെ പിടിയിലൊതുക്കുന്നു. ഫലപ്രദമായി ഉപയോഗിക്കേണ്ട സാമൂഹിക മാധ്യമങ്ങൾ, ദുരുപയോഗിക്കുന്ന പ്രവണത വർദ്ധിച്ചുവരുന്നു. സൈബർ ലോകത്തു സുരക്ഷിതമായി ഇടപെടാൻ പരിശീലനം നൽകേണ്ടത് അത്യാവശ്യമാണ്.
സഭാ പാസ്റ്റർ ഗർസിം പി .ജോൺ, അസ്സോസിയേറ്റ് പാസ്റ്റർമാരായ പി. ജോർജ്, ഡാനി മാത്യു , സെക്രട്ടറി ഷിബു കണ്ടത്തിൽ, ജോൺസൻ എബ്രഹാം പി. വൈ. പി .എ ഭാരവാഹികളായ ലിജോ മാത്യു, ജോയ്സ് ജോൺ, എന്നിവർ നേതൃത്വം നൽകി.