മലയാളിയുടെ സ്വന്തം യു.എ.ഇ; ദേശീയ ദിന ആഘോഷത്തിന്റെ നിറവിൽ

അബുദാബി- നാല്‍പത്തേഴാം പിറന്നാളിന്റെ നിറവില്‍, യു.എ.ഇ അഭിമാനവും പ്രൗഢവുമായ ആഘോഷത്തിലമര്‍ന്നു. ലോക സംസ്‌കാരങ്ങളെ മുഴുവന്‍ സ്വാംശീകരിക്കാനും എല്ലാ ജനതകളേയും സ്വാഗതം ചെയ്യാനുമുള്ള വിശാല മനസ്സുമായി ലോകത്തിന്റെ തന്റെ തലസ്ഥാന കേന്ദ്രമായി മാറിയ അരനൂറ്റാണ്ടാണ് യു.എ.ഇയുടെ നേട്ടം.

ദീര്‍ഘവീക്ഷണവും വിശാലമായ മാനവിക താല്‍പര്യങ്ങളുമുള്ള ഭരണാധികാരികള്‍ക്ക് ഒരു രാജ്യത്തെ എങ്ങനെ ഉന്നതിയിലേക്ക് നയിക്കാം എന്നതിന്റെ ഉത്തമോദാഹരണമാണ് യു.എ.ഇ. ഇസ്്‌ലാം ഔദ്യോഗിക മതമായിരിക്കെ, എല്ലാ മതങ്ങള്‍ക്കും എല്ലാ സംസ്‌കാരങ്ങള്‍ക്കും ആദരവും പരിഗണനയും നല്‍കുന്ന യു.എ.ഇ സെക്യുലര്‍ കാഴ്ചപ്പാടുകളില്‍ ഇന്ത്യക്ക് പോലും മാതൃകയാണെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു.

ലോകത്തിന്റെ ഡെസ്റ്റിനേഷനായി മാറിയ യു.എ.ഇയുടെ സമാനതകളില്ലാത്ത വളര്‍ച്ചക്ക് പിന്നില്‍ രാഷ്ട്രപിതാവായ ശൈഖ് സായിദിന്റെ ദീര്‍ഘവീക്ഷണവും രാജ്യതന്ത്രജ്ഞതയുമാണ്. ടൂറിസമാണ് യു.എ.ഇയേയും ദുബായിലേയും ഇത്ര വലിയ തോതില്‍ വളര്‍ത്തിയെന്ന് സാമാന്യമായി പറയാമെങ്കിലും അത് മാത്രമല്ല കാരണമെന്ന് രാജ്യത്തിന്റെ വികസന ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോള്‍ മനസ്സിലാകും. ദുബായില്‍ ഒരു ഓഫീസില്ലാത്ത രാജ്യാന്തര കമ്പനികളില്ലെന്ന് പറയാം. മധ്യപൗരസ്ത്യ രാജ്യങ്ങളിലെ പ്രമുഖ കമ്പനികളുടെയെല്ലാം ആസ്ഥാനം ദുബായ് ആണ്. കേവല ടൂറിസം കൊണ്ട് നേടിയെടുക്കാനാവാത്ത, ആഗോള ബിസിനസ് കേന്ദ്രമെന്ന പദവിയാണ് അര നൂറ്റാണ്ടിനിടെ യു.എ.ഇ നേടിയെടുത്തത്.

യു.എ.ഇ ദേശീയ ദിനം ആഘോഷിക്കുന്ന വിദേശികള്‍.

അബുദാബി, ദുബായ്, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ എന്നീ ആറു പ്രവിശ്യകള്‍ ചേര്‍ന്ന് 1971 ഡിസംബര്‍ രണ്ടിനാണ് ഒറ്റ രാജ്യമായത്. 1972 ഫെബ്രുവരി പത്തിന് റാസല്‍ഖൈമ കൂടി യു.എ.ഇയുടെ ഭാഗമായി. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാെയും രാഷ്ട്ര ശില്‍പി ശൈഖ് റാഷിദ് ബിന്‍ സഈദ് അല്‍മക്തൂമിന്റെയും നേതൃത്വത്തില്‍ ദുബായ് ജുമൈറയിലെ അല്‍ദിയാഫ പാലസില്‍ (യൂണിയന്‍ ഹൗസ്) വച്ചായിരുന്നു യു.എ.ഇ എന്ന രാജ്യത്തിന്റെ പ്രഖ്യാപനം നടത്തിയത്.

200 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളാണ് യു.എ.ഇയില്‍ ജീവിക്കുന്നത്. ലക്ഷക്കണക്കിന് മലയാളികളടക്കം മൂന്നു ദശലക്ഷം ഇന്ത്യക്കാര്‍. ജീവിതത്തിന്റെ സമസ്ത മേഖലകളിലും നിര്‍ണായക സ്വാധീനം ചെലുത്തുന്ന മലയാളികള്‍ യു.എ.ഇയുടെ പുരോഗതിയില്‍ വന്‍സ്വാധീനം ചെലുത്തി. മലയാളത്തോടും കേരളത്തോടും യു.എ.ഇ ഭരണാധികാരികള്‍ക്കുള്ള സ്‌നേഹത്തിന്റേയും ആദരവിന്റേയും കാരണം മറ്റൊന്നുമല്ല.

നിര്‍മാണമേഖലയിലും സാങ്കേതിക രംഗത്തും യു.എ.ഇ കൈവരിച്ച വലിയ പുരോഗതി സമാനതകളില്ലാത്തതാണ്. ഏറ്റവുമൊടുവില്‍ ഖലീഫ സാറ്റ് എന്ന പൂര്‍ണമായും തദ്ദേശീയമായി നിര്‍മിച്ച ഉപഗ്രഹ വിക്ഷേപണത്തോടെ ബഹിരാകാശ രംഗത്തും യു.എ.ഇ മുന്നേറുകയാണ്. യു.എ.ഇ മെട്രോ, രാജ്യാന്തര നിലവാരമുള്ള സര്‍വകലാശാലകള്‍, ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫ അടക്കം അത്ഭുതം വിരിയിക്കുന്ന അനേകം കെട്ടിട സമുച്ചയങ്ങള്‍ എന്നിവയെല്ലാം യു.എ.ഇയുടെ പ്രൗഢിക്ക് മകുടം ചാര്‍ത്തുന്നു.

Comments (0)
Add Comment