ന്യൂഡൽഹി: ഡൽഹിയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ കടുത്ത പൊടിക്കാറ്റിനെ തുടർന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവെച്ചു. വിമാനത്താവളത്തിലേയ്ക്കുള്ള ഒമ്പത് വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
പൊടിക്കാറ്റിനെ തുടർന്ന് ഡൽഹിയിലെ അന്തരീക്ഷ താപനിലയിൽ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന താപനിലയാണ് ഡൽഹിയിൽ അനുഭവപ്പെട്ടത്. എന്നാൽ പൊടിക്കാറ്റിനെ തുടർന്ന് അന്തരീക്ഷ താപനിലയിൽ കുറവ് വന്നിട്ടുണ്ട്. അര മണിക്കൂർ കൊണ്ട് അന്തരീക്ഷ താപനിലയിൽ ഏഴ് ഡിഗ്രി സെൽഷ്യസ് കുറഞ്ഞു.
ഗുജറാത്ത് തീരത്തേക്ക് എത്തുന്ന വായു ചുഴലിക്കാറ്റിന്റെ സാമീപ്യവും അന്തരീക്ഷ താപനില കുറയുന്നതിന് ഇടയാക്കിയിട്ടുണ്ടാകാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഡൽഹി അടക്കം ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ അടുത്ത ദിവസങ്ങളിൽ കാറ്റും ചെറിയ മഴയുമുണ്ടാകാനിടയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.