ന്യുഡൽഹി: മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ അരുൺ ജെയ്റ്റ്ലിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു.
ജെയ്റ്റ്ലി വെന്റിലേറ്ററിലാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നുമാണ് വിവരം. കഴിഞ്ഞ ഒരാഴ്ചയിലേറെയായി എയിംസിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഇന്ന് പുലർച്ചെയ്ക്ക് വീണ്ടും ഗുരുതരമായി.
ശ്വാസതടസവും ശാരീരിക അസ്വാസ്ഥ്യങ്ങളെയും തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് അരുൺ ജെയ്റ്റ്ലിയെ എയിംസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ദിവസം അരുൺ ജെയ്റ്റ്ലിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. എന്നാൽ ഇന്ന് പുലർച്ചയോടെ വീണ്ടും ആരോഗ്യ നില വഷളാവുകയായിരുന്നു.
കഴിഞ്ഞ രണ്ട് വർഷമായി വൃക്കരോഗവുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നു ജെയ്റ്റ്ലി. രണ്ടാം തവണയും ബിജെപി സർക്കാർ അധികാരത്തിലെത്തിയപ്പോൾ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അദ്ദേഹം തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല.