അഹമ്മദാബാദ് : അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുക്കുന്ന “നമസ്തേ ട്രംപ്’ പരിപാടിക്ക് അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിൽ തുടക്കം കുറിച്ചു. പതിനായിരക്കണക്കിന് ജനങ്ങളാണ് ” നമസ്തേ ട്രംപിൽ ” പങ്കെടുക്കാനായി മൊട്ടേര സ്റ്റേഡിയത്തിൽ എത്തിയിരിക്കുന്നത്. ട്രംപിനൊപ്പം ഭാര്യ മെലാനിയ, മകൾ ഇവാങ്ക, ഇവാങ്കയുടെ ഭർത്താവ് ജാരേദ് കുഷ്നെർ എന്നിവരും ഉന്നത ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
രാജ്യത്തെ ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെടെ മറ്റ് പല പ്രമുഖരും ഈ പൊതുപരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
അഹമ്മദാബാദിൽ ഇന്ന് രാവിലെ വിമാനമിറങ്ങിയ ട്രംപിന് മോദിയുടെ നേതൃത്വത്തിൽ വൻ സ്വീകരണമാണ് ഒരുക്കിയത്. രണ്ടുദിവസത്തെ സന്ദർശനത്തിനാണ് ട്രംപ് എത്തിയത്. അമേരിക്കൻ പ്രസിഡന്റായശേഷം ആദ്യമായാണ് ട്രംപ് ഇന്ത്യ സന്ദർശിക്കുന്നത്. ഇന്ത്യയിൽ സന്ദർശനം നടത്തുന്ന ഏഴാമത്തെ അമേരിക്കൻ പ്രസിഡന്റാണ് ട്രംപ്. ഇന്ത്യ-യു.എസ് ബന്ധം നീണാൾ വാഴട്ടെ എന്ന് പ്രധാനമന്ത്രി പ്രസ്താവിക്കുകയും പൊതുജനം അത് ഏറ്റ പറയുകയും ചെയ്തു.