കോട്ടയം : ലോകം മുഴുവൻ കോറോണയുടെ ബാധയാൽ പ്രതിസന്ധി നേരിടുമ്പോൾ മുൻകരുതലിന്റെ ഭാഗമായി മാർച്ച് 22ന് (ഞായർ) പ്രധാനമന്ത്രിയുടെ ജനത കർഫ്യുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കേരളത്തിലെ പെന്തെക്കോസ്ത് സഭകളും. മാർച്ച് 22 ന് ഞായറാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന കർഫ്യുവിന്റെ അടിസ്ഥാനത്തിൽ സഭകളിൽ യോഗം വയ്ക്കുന്നത് ഉചിതമാണ് എന്ന് തോന്നുന്നില്ല എന്നും തുടർന്ന് ആലയങ്ങളിൽ പ്രാർത്ഥന വെക്കേണ്ട എന്ന് വിവിധ പെന്തെക്കോസ്ത് സഭാ നേതാക്കൾ അറിയിച്ചു. ആ ഒരു ദിവസം എല്ലാ പെന്തെകൊസ്ത് വിശ്വാസ സമൂഹവും കുടുംബമായി ഭവനങ്ങളിൽ ഒരു നേരമെങ്കിലും ഉപവാസത്തോടെ (ആഹാരം വെടിഞ്ഞ്) ദേശത്തിന്റെ വിടുതലിനായും കൊറൊണക്ക് എതിരായും ശക്തമായി പ്രാർത്ഥിക്കുവാൻ വിവിധ സഭകളുടെ നേതാക്കളായ ഐ.പി.സി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ, ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവർസീയർ റവ.സി.സി തോമസ്, ഏ.ജി മലയാളം ഡിസ്ട്രിക്റ്റ് സൂപ്രണ്ട് റവ.പി.എസ് ഫിലിപ്പ്, ഏ.ജി മലബാർ ഡിസ്ട്രിക്റ്റ് സൂപ്രണ്ട് റവ.വി.ടി ഏബ്രഹാം, ഡബ്ളിയു. എം. ഇ ജനറൽ പ്രസിഡൻറ് റവ.ഒ.എം രാജുകുട്ടി, ശാരോൻ ഫെലോഷിപ്പ് സഭകളുടെ ദേശീയ പ്രസിഡൻ്റ് പാസ്റ്റർ പി.എം ജോൺ, ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പ്രസിഡൻറ് പാസ്റ്റർ വി.എ തമ്പി, ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ ഓവർസീയർ റവ.കെ.സി.സണ്ണിക്കുട്ടി ഏബ്രഹാം, ന്യൂ ഇൻഡ്യ ബൈബിൾ ചർച്ച് പ്രസിഡന്റ് പാസ്റ്റർ തോമസ് ഫിലിപ്പ്, ടി.പി.എം സഭാനേതൃത്വം, ഐ.പി.സി കർണ്ണാടക സ്റ്റേറ്റ് നേതൃത്വം , ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് നേതൃത്വം, കർണാടക യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പ് നേതൃത്വം എന്നിവർ പ്രസ്താവിച്ചു.