വിശാഖപട്ടണം : ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് കെമിക്കൽ പ്ലാന്റിലുണ്ടായ വാതക ചോർച്ചയിൽ എട്ടുപേർ മരിച്ചു. വ്യാഴാഴ്ച പുലർച്ചെ മൂന്നിന് ഉണ്ടായ ചോർച്ചയിൽ വിഷവാതകം ശ്വസിച്ചു എട്ട് വയസ്സുള്ള കുട്ടിയുൾപ്പെടെ മരിച്ചതായി ദേശീയ വാര്‍ത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ആർആർ വെങ്കടപുരം ഗ്രാമത്തിന് സമീപത്തുള്ള എല്‍ജി പോളിമേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പ്ലാന്റിലാണു വാതക ചോർച്ചയുണ്ടായത്.
ആയിരത്തോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 20 പേരുടെ നില ഗുരുതരമാണ്. ചോർച്ച അടച്ചു. സ്റ്റൈറീൻ വാതകമാണ് ഫാക്ടറിയിൽനിന്ന് ചോർന്നത്. വാതകം അഞ്ച് കിലോമീറ്റർ പരിധിയിൽ പടർന്നെന്നാണു നിഗമനം. ഇരുപത് ഗ്രാമങ്ങൾ ഒഴിപ്പിക്കുകയാണ്. മലയാളികളെല്ലാവരും സുരക്ഷിതരാണ്. പൊലീസ് വീടുകളുടെ പൂട്ടുപൊളിച്ച് അകത്തു കടന്നു പരിശോധന നടത്തുന്നുണ്ട്. ഫാക്ടറിയുടെ സമീപത്തായി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കോളനിയുള്ളതും ആശങ്ക വർധിപ്പിക്കുന്നു.
15 ഓളം പേർ ആശുപത്രിയിലുണ്ടെന്നാണു വിവരം. ഗോപാലപട്ടണത്തിനു സമീപത്തുള്ള മൂന്ന് ഗ്രാമങ്ങളെ സംഭവം ബാധിച്ചിട്ടുണ്ട്. അടച്ചിട്ട ഫാക്ടറി ഇന്നലെയാണ് വീണ്ടും തുറന്നത്. കെമിക്കൽ പ്ലാന്റിലേക്ക് ആംബുലൻസുകളും അഗ്നിരക്ഷാ സേനയും പൊലീസും എത്തിയിട്ടുണ്ട്. പോളിസ്റ്റെറിൻ ഉത്പാദിപ്പിക്കുന്ന പ്ലാന്റിലാണ് അപകടമുണ്ടായത്.