മുംബൈ: കോവിഡ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ മുംബൈ നഗരത്തിൽ വെള്ളപ്പൊക്കവും. ഇന്നലെ (തിങ്കളാഴ്ച) രാത്രിയിലും ഇന്ന് പുലർച്ചെയുമായി പെയ്ത ശക്തമായ മഴയിൽ നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ലോവർ പരേൽ, കുർള, ഗോരെഗാവ്, ദാദർ, കിംഗ് സർക്കിൾ, ഷെൽ കോളനി, ശിവാജി ചൗക്ക് ഉൾപ്പെടെ 26 പ്രദേശങ്ങളാണ് വെള്ളത്തിനടിയിലായത്. ലോക്കൽ ട്രെയിൻ സർവീസുകൾ നിർത്തിവച്ചു. മുംബൈ, താനെ, പൂന, റായ്ഗഡ്, രത്നാഗിരി ജില്ലകളിൽ ഇന്നും നാളെയും ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. മുബൈയിൽ അവശ്യാധന സർവീസുകളല്ലാത്ത എല്ല സർവീസുകളും നിർത്തിവച്ചതായി കോർപ്പറേഷൻ അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച പുലർച്ചെ ഉണ്ടായ കനത്ത മഴയിൽ കാണ്ടിവാലിയിലെ പടിഞ്ഞാറൻ എക്സ്പ്രസ് ഹൈവേയിൽ മണ്ണിടിച്ചിൽ ഉണ്ടായി. ഇതേ തുടർന്ന് സൗത്ത് മുംബൈയിലേക്കുള്ള ഗതാഗതം തടസപ്പെട്ടു. ഉച്ചയ്ക്ക് 12:47 ന് വേലിയേറ്റം ഉണ്ടാകുമെന്നതിനാൽ ജനങ്ങൾ കടൽത്തീരത്തേക്ക് പോകരുതെന്ന് അധികൃതർ അറിയിച്ചു. തിരമാലകൾ 4.51 മീറ്ററോളം ഉയരുമെന്നാണ് പ്രവചനം. തിങ്കളാഴ്ച രാവിലെ എട്ട് മുതൽ ചൊവ്വാഴ്ച രാവിലെ എട്ട് വരെ 230.06 എംഎം മഴയാണ് മുംബൈ നഗരത്തിൽ ലഭിച്ചത്.
അതേസമയം, കേരളത്തിലും പെയ്യുന്ന കനത്ത മഴയിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. അണക്കെട്ടിലെ ഇന്നത്തെ ജലനിരപ്പ് 117.9 അടിയാണ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കും വർധിച്ചുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് തിങ്കളാഴ്ച്ച ലഭിച്ച കനത്ത മഴയാണ് അണക്കെട്ടിലെ ജലനിരപ്പ് ഉയരാൻ കാരണം. തിങ്കളാഴ്ച രാവിലെ 115.7 അടിയായിരുന്നു അണക്കെട്ടിലെ ജലനിരപ്പ്. ഇന്ന് രാവിലെ ജലനിരപ്പ് 117.9 അടിയിലെത്തി. ഒരു ദിവസം കൊണ്ട് 2.2 അടി വെള്ളം അണക്കെട്ടിൽ ഉയർന്നു. തമിഴ്നാട് 600 ഘന അടി വീതം വെള്ളം കൊണ്ടു പോകുന്നുണ്ട്. പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഇരുപത്തിനാലു മണി ക്കുറിനുള്ളിൽ ശക്തിപ്രാപിക്കും മെന്ന് കാലവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മഴക്ക് സാധ്യത. ഇടുക്കി, പാലക്കാട് ജില്ലകളിൽ ഇന്നലെ രാത്രി മുതൽ ശക്തമായ മഴയാണ് രേഖപ്പെടുത്തുന്നത്.