ന്യൂസ് : ഐപിസി നോർത്തേൺ റീജിയൺ മീഡിയ ടീം
ന്യൂഡൽഹി : ഐപിസി നോർത്തേൺ റീജിയന്റെ 51മത്തെ ജനറൽ കൺവൻഷൻ അനുഗ്രഹീതമായി സമാപിച്ചു. ഈ വർഷം ആഗോള വ്യാപകമായി നേരിടുന്ന മഹാവ്യാധി നിമിത്തം നൂതന സാങ്കേതിക വിദ്യയായ സൂമിൽ ആണ് കൺവൻഷൻ ക്രമീകരിച്ചിരുന്നത്.
ഒക്ടോബർ 15 വ്യാഴാഴ്ച ആരംഭിച്ച കൺവൻഷൻ ഐപിസി നോർത്തേൺ റീജിയൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ സാമുവേൽ ജോൺ ഉത്ഘാടനം ചെയ്തു. പുറപ്പാട് പുസ്തകം 14:15 വാക്യം ആധാരമാക്കി ഉദ്ഘാടന സന്ദേശം നൽകി.
“ദൈവജനം ഈ പ്രതിസന്ധിയുടെ കാലത്ത് പുറകോട്ട് പോകാതെ ശക്തിയോടെ മുൻപോട്ട് പോകേണം. ഇതുവരെ ചെയ്തിട്ടില്ലാത്ത ദൈവീക പ്രവർത്തികൾ വെളിപ്പെടുത്തുവാൻ ദൈവം സഭകളെ ഒരുക്കുന്ന സമയം ആണ് ഇത്” എന്ന് തന്റെ ഉൽഘാടന സന്ദേശത്തിൽ അദ്ദേഹം ഓർമിപ്പിച്ചു.
15 വ്യാഴാഴ്ച മുതൽ 17 ശനിയാഴ്ച വരെ പകൽ ബൈബിൾ ക്ലാസുകളും വൈകുന്നേരം സുവിശേഷ യോഗങ്ങളും നടന്നു. പ്രസിദ്ധ സുവിശേഷ പ്രഭാഷകരായ പാസ്റ്റർ.ഷിബു തോമസ്, പാസ്റ്റർ.വിൽസൺ വർക്കി, പാസ്റ്റർ.പോൾ മാത്യുസ് തുടങ്ങിയവർ ദൈവവചനം പ്രസംഗിച്ചു.
ഒക്ടോബർ 18 ഞായറാഴ്ച രാവിലെ 10 മുതൽ 1 വരെ നടന്ന സംയുക്ത ആരാധനയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദൈവദാസൻമാരും ദൈവജനങ്ങളുമായി മൂവായിരത്തിലധികം ആളുകൾ പങ്കെടുത്തു. ഐ.പി.സി.എൻ.ആർ വൈസ് പ്രസിഡന്റ് പാസ്റ്റർ. സാമുവൽ തോമസ് അദ്ധ്യക്ഷത വഹിച്ചു. “ദൈവ സഭയിലെ ആളുകളുടെ സവിശേഷതകൾ എന്തെല്ലാം ആയിരിക്കണം എന്ന് അപ്പോ.പ്ര. 9:21 മുതലുള്ള വാക്യങ്ങളെ ആസ്പദമാക്കി പാസ്റ്റർ.ഷിബു തോമസ് മുഖ്യ സന്ദേശം നൽകി. സുവിശേഷ വേലയിൽ അമ്പത് വർഷങ്ങൾ പൂർത്തിയാക്കിയ ഐ.പി.സി.എൻ.ആർ വർക്കിംഗ് പ്രസിഡന്റ് പാസ്റ്റർ.പി.എം. ജോണിനെ ഫലകം നൽകി ആദരിക്കുകയും പ്രസിഡന്റ് പാസ്റ്റർ. സാമുവൽ ജോൺ അദ്ദേഹത്തിനായി പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്തു.
സിസ്റ്റർ പെർസിസ് ജോണിന്റെ നേതൃത്വത്തിൽ ഉള്ള സയോൺ സിംഗേഴ്സിന്റെ ഗാന ശുശ്രൂഷ ജനങ്ങളിൽ ആത്മീയ ചൈതന്യം ഉളവാക്കുന്നതായിരുന്നു.
യൂട്യൂബ്, ഫേസ്ബുക് തുടങ്ങിയ സമൂഹ മാധ്യമം വഴി അനേകർ തത്സമയം ഈ യോഗങ്ങളിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിച്ചു. ഈ കോവിഡ് മഹാമാരിയുടെ കാലത്ത് പതിവിൽ നിന്നും വ്യത്യസ്തമായ രീതിയിൽ നടത്തപ്പെട്ട കൺവൻഷൻ ശക്തമായ പ്രാർത്ഥനയുടേയും പ്രയത്നത്തിന്റേയും ഫലമായി പ്രതീക്ഷിച്ചതിലും വിജയകരമായതിൽ ഐ.പി.സി.എൻ.ആർ നേതൃത്വം സംതൃപ്തി അറിയിച്ചു. ഇത്രത്തോളം നടത്തിയ ദൈവത്തിന് സകല മഹത്വവും അർപ്പിക്കുന്നു.