ന്യൂഡൽഹി: കോവിസ് – 19ന്റെ പശ്ചാത്തലത്തിൽ പുറത്തിറക്കിയ അൺലോക്ക് 5 മാർഗരേഖ കാലാവധി കേന്ദ്ര സർക്കാർ നവംബർ 30 വരെ നീട്ടി. കണ്ടെയ്ൻമെന്റ് സോണുകളിൽ അന്നു വരെ കർശന ലോക്ഡൗൺ തുടരും. സെപ്റ്റംബർ 30നു പുറത്തിറക്കിയ മാർഗരേഖയുടെ കാലാവധി ഈ മാസം 31ന് അവസാനിക്കാനിരിക്കെയാണു വീണ്ടും നീട്ടിയിരിക്കുന്നത്.
സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നതു സംബന്ധിച്ചു സംസ്ഥാന സർക്കാരുകൾക്കു തീരുമാനമെടുക്കാം. സാമൂഹിക, അക്കാദമിക, കായിക, വിനോദ, സാംസ്കാരിക, മത, രാഷ്ട്രീയ ചടങ്ങുകളിൽ 100 പേർക്കുവരെ പങ്കെടുക്കാം. അതിൽ കൂടുതൽ ആളുകളെ അനുവദിക്കുന്ന കാര്യം സംസ്ഥാനങ്ങൾക്കു തീരുമാനിക്കാം. ഹാളുകളിൽ ആകെ ഇരിപ്പിടത്തിന്റെ പകുതി ഒഴിച്ചിടണം.
സംസ്ഥാനങ്ങൾക്കുള്ളിലും പുറത്തേക്കും യാത്രാ വിലക്കുകളില്ല. ഇതിനായി പ്രത്യേക പാസോ പെർമിറ്റോ ആവശ്യമില്ല. ആകെ സീറ്റുകളിൽ പകുതി ഒഴിച്ചിട്ട് സിനിമാശാലകൾ പ്രവർത്തിപ്പിക്കാം. ഓൺലൈൻ പഠനം തുടരാൻ ആഗ്രഹിക്കുന്ന വിദ്യാർഥികളെ അതിന് അനുവദിക്കണം. ഹാജർ നിർബന്ധമാക്കരുത് എന്നിങ്ങനെയാണ് നിബന്ധനകൾ.