ന്യൂഡൽഹി: കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്തെ രാജ്യാന്തര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് നവംബർ 30വരെ നീട്ടി. വിമാന സർവീസുകൾ ആരംഭിക്കുമോ എന്ന ആശങ്ക തുടരുന്നതിനിടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് നിയന്ത്രണങ്ങൾ നീട്ടിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്.
കൊവിഡ് മാർഗനിർദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ച് കൊണ്ടുള്ള നിയന്ത്രണങ്ങൾ തുടരുമെങ്കിലും തെരഞ്ഞെടുത്ത പ്രത്യേക റൂട്ടുകളിലെക്കുള്ള സർവീസുകൾ തുടരുന്നതിൽ നിയന്ത്രണമില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ പുറത്തിറക്കും. കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ മാർച്ച് 23മുതലാണ് രാജ്യാന്തര വിമാനസർവീസുകൾ നിർത്തിവച്ചത്. നിയന്ത്രണങ്ങളുടെ ഭാഗമായി വിവിധ രാജ്യങ്ങളിൽ കുടുങ്ങിപ്പോയവരെ തിരികെ എത്തിക്കാൻ മേയ് മുതൽ വന്ദേഭാരത് മിഷൻ കേന്ദ്ര സർക്കാർ ആരംഭിച്ചിരുന്നു. വന്ദേഭാരത് മിഷൻ വഴിയും എയർ ബബിൾ കരാർ മുഖേനെയുമുള്ള സർവീസുകൾ തുടരും.
രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾ രണ്ടു മാസത്തെ വിലക്കിനുശേഷം മേയ് 25ന് പുനരാരംഭിച്ചിരുന്നു. ജൂലൈ മുതൽ പട്ടിക തയ്യാറാക്കി യുഎസ്, യുകെ, കെനിയ, ഭൂട്ടാൻ, ഫ്രാൻസ് അടക്കമുള്ള 18 രാജ്യങ്ങളുമായി ഇന്ത്യ എയർ ബബിൾ കരാർ സ്ഥാപിച്ചിരുന്നു. ഈ കരാർ പ്രകാരം ഇരു രാജ്യങ്ങളിലെയും വിമാനങ്ങൾക്ക് പ്രത്യേക സർവീസ് നടത്താം. പ്രത്യേക അനുമതിയുള്ള വിമാനങ്ങൾക്കും കാർഗോ സർവീസുകൾക്കും വിലക്ക് ബാധകമല്ല.