മികച്ച ഭരണം: കേരളം ഒന്നാമത്; ഏറ്റവും പിറകിൽ യു.പി

ന്യൂഡെൽഹി: ഏറ്റവും മികച്ചരീതിയിൽ ഭരിക്കപ്പെടുന്ന ഇന്ത്യയിലെ
സംസ്ഥാനം കേരളമെന്ന് പബ്ലിക് അഫയേഴ്‌സ് സെന്ററിന്റെ (പിഎസി) റാങ്കിങ്. പബ്ലിക് അഫയേഴ്‌സ് സെന്റർ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച പബ്ലിക് അഫയേഴ്‌സ് ഇൻഡക്സ്-2020 റാങ്കിങ്ങിലാണ് മികച്ച ഭരണമുള്ള സംസ്ഥാനങ്ങളിൽ കേരളത്തിന് ഒന്നാം സ്ഥാനം. ഉത്തർപ്രദേശ് ആണ് ഈ സൂചികയിൽ ഏറ്റവും പിറകിലുള്ള സംസ്ഥാനം.

ഐ.എസ്.ആർ.ഒ. മുൻ ചെയർമാൻ കെ കസ്തൂരി രംഗന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നോൺ പ്രോഫിറ്റ് സംഘടനയായ പി.എ.സി വെള്ളിയാഴ്ച പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിലാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഭരണത്തെ വിലയിരുത്തിയിട്ടുള്ളത്. സുസ്ഥിര വികസനം അടക്കമുള്ള മാനദണ്ഡങ്ങൾ മുൻനിർത്തിയുള്ള സൂചിക അനുസരിച്ചാണ് വിവിധ സംസ്ഥാനങ്ങളിലെ ഭരണസംവിധാനത്തിന്റെ പ്രകടനങ്ങളെ റാങ്ക് ചെയ്തിട്ടുള്ളത്.

ഒന്നാം സ്ഥാനത്ത് എത്തിയ കേരളം 1.388 പോയിൻ്റ് നേടി. തമിഴ്നാട് 0.912, ആന്ധ്രാപ്രദേശ് 0.531,കർണാടക 0.468 എന്നിങ്ങനെയാണ് ആദ്യ നാല് സ്ഥാനങ്ങളിലെത്തിയ മറ്റു സംസ്ഥാനങ്ങളുടെ പ്രകടനം. ആദ്യ നാല് സ്ഥാനങ്ങളും നേടിയത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ്. 

മൈനസ് പോയിന്റ് നേടിയവരുമുണ്ട് കൂട്ടത്തിൽ. ഉത്ത‍ർപ്ര​ദേശ്, ഒഡീഷ, ബീഹാ‍ർ എന്നീ സംസ്ഥാനങ്ങളാണ് റാങ്കിം​ഗിൽ ഏറ്റവും പിന്നിൽ നിൽക്കുന്നത്. ഇവ മൂന്നും മൈനസ് മാ‍ർക്കാണ് നേടിയത്. -1.461, -1.201, -1.158 എന്നിങ്ങനെയാണ് റാങ്ക് പട്ടികയിലെ അവസാന സ്ഥാനക്കാരുടെ പോയിൻ്റ് നില. മണിപ്പൂ‍ർ (-0.363), ദില്ലി (-0.289) ഉത്തരാഖണ്ഡ് (-0.277) എന്നിവയാണ് മൈനസ് പോയിൻ്റുകൾ നേടിയ മറ്റു സംസ്ഥാനങ്ങൾ. 

ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഗോവ ഒന്നാമത് എത്തി. 1.754 പോയിൻ്റാണ് ഗോവ നോടിയത്. ഈ വിഭാഗത്തിൽ മേഘാലയ 0.797ഉം, ഹിമാചൽ പ്രദേശ് 0.725ഉം പോയിൻ്റുകൾ കരസ്ഥമാക്കി. 1.05 പോയിൻ്റുമായി ചണ്ഡീഗഢ് കേന്ദ്രഭരണപ്രദേശങ്ങളിൽ ഒന്നാം സ്ഥാനത്ത് എത്തി. പുതുച്ചേരി (0.52) ലക്ഷദ്വീപ് (0.003). ദാദ‍ർ ആൻഡ് നഗ‍ർ ഹവേലി(-0.69) ആൻഡമാൻ, ജമ്മു കശ്മീ‍‍ർ (-0.50) നിക്കോബാ‍ർ (-0.30) എന്നിവയാണ് കേന്ദ്രഭരണപ്രദേശങ്ങളിൽ പിന്നിലുള്ളത്. 

Comments (0)
Add Comment