ന്യൂഡൽഹി: ഓൺലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളും ഓണ്‍ലൈന്‍ സിനിമാ – വീഡിയോ റിലീസിങ് പ്ലാറ്റ് ഫോമുകളും (ഒടിടി) ഇനി കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തില്‍. ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളും വിനോദ പ്ലാറ്റ് ഫോമുകളും വാര്‍ത്താവിതരണ മന്ത്രാലയത്തിന് കീഴിലാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. നിലവിലെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി.
ഓൺലൈൻ ന്യൂസ് പോർട്ടലുകൾ, ഒടിടി പ്ലാറ്റ്ഫോമുകളായ ഹോട്ട്സ്റ്റാർ, നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വിഡിയോ എന്നിവരെല്ലാം കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന്റെ കീഴിലാകും. ഇതോടെ ഇവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനാകും. നിലവില്‍ ടെലിവിഷന്‍ ചാനലുകള്‍ക്കും പരമ്പരാഗത മാധ്യമങ്ങള്‍ക്കും ബാധകമായ നിയന്ത്രണങ്ങള്‍ ഇതോടെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ക്കു കൂടി ബാധകമാകും.
ഒടിടി പ്ലാറ്റ്ഫോമുകള് നിയന്ത്രിക്കുന്നതിന് ഒരു സ്വയംഭരണ സമിതി രൂപീകരിക്കുന്നത് സംബന്ധിച്ച ഹര്‍ജിയില്‍ കഴിഞ്ഞ മാസം സുപ്രീംകോടതി കേന്ദ്രത്തിന്റെ പ്രതികരണം തേടിയിരുന്നു. കേന്ദ്ര വിവര, പ്രക്ഷേപണ മന്ത്രാലയം, ഇന്റര്‍നെറ്റ്, മൊബൈല്‍ അസോസിയേഷന് ഓഫ് ഇന്ത്യ എന്നിവയ്ക്ക് സുപ്രീം കോടതി നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഒടിടി പ്ലാറ്റ് ഫോമുകളെ നിയന്ത്രിക്കാനായി ഉത്തരവ് ഇറക്കിയത്.ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾക്കായുള്ള മാനദണ്ഡങ്ങൾ ഉടൻ പുറത്തിറക്കും.
കൂടുതൽ വാർത്തകൾക്കും വീഡിയോകൾക്കുമായി ഞങ്ങളുടെ പേജ് ലൈക്കും ഷെയറും ചെയ്യുക