നവംബര്‍ 26 വ്യാഴാഴ്ച ദേശീയ പൊതു പണിമുടക്ക്

ന്യൂഡൽഹി: നവംബര്‍ 26 വ്യാഴാഴ്ച രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്ത് തൊഴിലാളി സംഘടനകള്‍. 25 ന് അര്‍ധരാത്രി മുതല്‍ 26 ന് അര്‍ധരാത്രി വരെ 24 മണിക്കൂര്‍ സമയത്തേക്കാണ് പണിമുടക്ക്. നവംബര്‍ 16ന് യോഗം ചേര്‍ന്ന ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതി ഇക്കാര്യത്തിൽ തീരുമാനമെടുത്തതായി ദേശീയ മാധ്യമമായ ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

10 ദേശീയ സംഘടനകളും ബാങ്കിങ്, ഇന്‍ഷുറന്‍സ്, റെയില്‍വേ, കേന്ദ്ര- സംസ്ഥാന ജീവനക്കാര്‍ എന്നിവരുടേതുള്‍പ്പെടെയുള്ള സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് ഇവര്‍ പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരും, ടാക്സി തൊഴിലാളികളും അസംഘടിത മേഖലയിലേതുള്‍പ്പെടെയുള്ള തൊഴിലാഴികളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. അതിനാല്‍ സംസ്ഥാനത്ത് പണിമുടക്ക് ഹര്‍ത്താല്‍ പ്രതീതി സൃഷ്ടിക്കും. 

ആദായ നികുതി ദായകരല്ലാത്ത എല്ലാ കുടുംബങ്ങള്‍ക്കും പ്രതിമാസം 7500 അക്കൗണ്ടില്‍ നിക്ഷേപിക്കുക, ആവശ്യക്കാരായ എല്ലാവര്‍ക്കും പ്രതിമാസം 10 കിലോവീതം ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുക, വര്‍ഷം 200 തൊഴില്‍ദിനം വര്‍ധിപ്പിച്ച് വേതനത്തില്‍ ലഭ്യമാക്കാനായി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിപുലീകരിക്കുക, നഗരങ്ങളിലും പദ്ധതി നടപ്പിലാക്കുക, പ്രതിരോധ, റെയില്‍വേ, തുറമുഖ, വ്യോമയാന, വൈദ്യുതി, ഖനനം, ധനം എന്നീ മേഖലകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും സ്വകാര്യവത്കരണം ഉപേക്ഷിക്കുക, കര്‍ഷകദ്രോഹ നിയമങ്ങളും തൊഴിലാളിവിരുദ്ധ കോഡുകളും പിന്‍വലിക്കുക, കേന്ദ്ര സര്‍വീസ് പൊതുമേഖലാ ജീവനക്കാരെ നിര്‍ബന്ധപൂര്‍വം പിരിച്ചുവിടുന്നത് അവസാനിപ്പിക്കുക, എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കുക, പുതിയ പെന്‍ഷന്‍ പദ്ധതിക്ക് പകരം മുന്‍ സംവിധാനം പുനഃസ്ഥാപിക്കുക, എംപ്ലോയീസ് പെന്‍ഷന്‍ പദ്ധതി-1995 മെച്ചപ്പെടുത്തുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

കേന്ദ്ര സര്‍ക്കാരിൻ്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണ് സമരമെന്നാണ് സമരസമിതി അറിയിച്ചിട്ടുള്ളത്. സമരത്തിന് രാജ്യമെമ്പാടുമുള്ള തൊഴിലാളികളുടെ പിന്തുണ ലഭിച്ചെന്നും പണിമുടക്ക് സംബന്ധിച്ച് ശക്തമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സമരസമിതി പ്രസ്താവനയിൽ അറിയിച്ചു.

Comments (0)
Add Comment