ശാലോം ധ്വനി വാർഷികാഘോഷങ്ങളും സ്തോത്ര സമ്മേളനങ്ങളും ഇന്നു മുതൽ

കോട്ടയം: ഓൺലൈൻ പത്രമാധ്യമരംഗത്ത് ഇതിനകം തന്നെ തനതായ സ്ഥാനമുറപ്പിച്ച ക്രിസ്ത്യൻ പത്രം ശാലോം ധ്വനി നാലാം വർഷത്തിലേക്ക് പ്രവേശിക്കുന്നു. വാർഷികാഘോഷ പരിപാടികൾ ഇന്നു (നവംബർ 27) മുതൽ 29 വരെ ഓൺലൈനിൽ നടത്തപ്പെടും. നെഹെമ്യാവ് 2:18 ലെ “എഴുന്നേറ്റു പണിയുക” എന്ന ആഹ്വാനം മുഖ്യ ചിന്താവിഷയമാക്കിയാണ് ഈ സമ്മേളനങ്ങൾ നടത്തപ്പെടുക.

ചില വർഷങ്ങൾക്കു മുമ്പ് കോട്ടയം ജില്ലയിലെ കങ്ങഴയ്ക്കു സമീപ പ്രദേശത്തു നിന്ന് ഉപജീവനാർത്ഥം ബാംഗ്ലൂരിലേക്കു പോയ ഒരു യൗവനക്കാരന്റെ വിശ്വാസവും പ്രാർത്ഥനയും തന്റെ സ്വപ്നങ്ങൾക്കു ചിറകു മുളപ്പിച്ചപ്പോൾ ദർശനത്തോടെ ആരംഭിച്ച ആത്മീക സംരംഭമാണ് ശാലോംധ്വനി. സോണി ജോർജ് എന്ന ആ സഹോദരൻ ദൈവം തനിക്കു നൽകിയ ആത്മീക താലന്തുകൾ സംഗീത മേഖലയിൽ സാക്ഷ്യത്തിനായ് ഉപയോഗിച്ചതനോടൊപ്പം തനിക്ക് ദൈവം നൽകിയ ദർശനങ്ങളെ പ്രാവർത്തികമാക്കുവാൻ പ്രാർത്ഥനയിൽ തുടർന്നു പോന്നു.

2017 ൽ ദൈവാത്മ പ്രേരണയാൽ സുവിശേഷ തൽപരരും സമർപ്പിതരുമായ തന്റെ ചില അടുത്ത സുഹൃത്തുക്കളുമായി പങ്കുവച്ച ദർശനം “ശാലോം ധ്വനി” എന്ന ക്രൈസ്തവ സാഹിത്യ പ്രവർത്തനത്തിനു തുടക്കമായി. പ്രാരംഭ സമയത്ത് pdf മാസികയായി ഇറങ്ങിയതിനു ശേഷം ദ്വൈമാസികയും പ്രതിദിന വാർത്തകളും പ്രസിദ്ധീകരിക്കുവാൻ ദൈവം കൃപ ചെയ്തു. ഇന്ന് മലയാളം, ഹിന്ദി, കന്നഡ എന്നീ ഭാഷകളിൽ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ചാപ്റ്ററുകൾ രൂപീകരിച്ചു കൊണ്ട് ക്രിസ്തുവിന്റെ സത്യ സുവിശേഷത്തിന്റെ സമാധാന വാഹകരായി നിലകൊള്ളുന്നു.

നാലാം വർഷത്തിലേക്കു പ്രവേശിക്കുന്നതിന്റെ ഭാഗമായി നടത്തപ്പെടുന്ന സ്തോത്ര സമ്മേളനങ്ങൾ നവംബർ 27, 28, 29 തീയതികളിൽ യഥാക്രമം ഹിന്ദി, കന്നട, മലയാളം ഭാഷകളിൽ നടത്തപ്പെടും. കർത്താവിൽ പ്രസിദ്ധരായ അഭിഷിക്തന്മാരായ പാസ്റ്റർ ജോ കുര്യൻ, പാസ്റ്റർ വി.ഓ. വർഗ്ഗീസ്, പാസ്റ്റർ നുറുദ്ദീൻ മുള്ള എന്നിവർ വചനസന്ദേശങ്ങൾ നൽകും. ക്രൈസ്തവ സംഗീത ശുശ്രൂഷാ രംഗത്ത് പ്രശസ്തരായ ശാലോം ബീറ്റ്സ് (ബാംഗ്ലൂർ), ബ്ര. ഗ്ലാഡ്സൻ (ഡൽഹി), സ്പിരിച്വൽ വേവ്സ് (അടൂർ) വ്യത്യസ്ത ഭാഷകളിൽ ഗാനശുശ്രൂഷ നിർവ്വഹിക്കും. ശാലോം ധ്വനി നേതൃത്വനിരയിലെ അനുഗ്രഹീത ദൈവദാസന്മാരായ ഇവാ. സോണി സി. ജോർജ്ജ്, ഇവാ.ജോൺ എൽസദായി, ബ്ര. ബൈജു എ. തോമസ്, ബ്ര. ജോ ഐസക്ക് കുളങ്ങര തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. മീറ്റിങ്ങുകൾ സൂമിലും ശാലോം ധ്വനിയുടെ ഫെയ്സ്ബുക്ക്, യൂട്യൂബ് ചാനലുകളിലും തൽസമയം വീക്ഷിക്കാവുന്നതാണ്.

Comments (0)
Add Comment