ഫാ.സ്റ്റാന്‍ സ്വാമിയുടെ ആവശ്യങ്ങള്‍ കോടതി പരിഗണിക്കുന്നതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ

മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ദേശീയ അന്വേഷണസംഘം അറസ്റ്റ് ചെയ്ത് ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന ജസ്യൂട്ട് വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ ആവശ്യങ്ങള്‍ ഐ.എൻ.എ കോടതി അംഗീകരിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍. പാര്‍ക്കിന്‍സണ്‍ രോഗബാധിതനായ ഫാ. സ്റ്റാന്‍ സ്വാമിക്ക് ജയില്‍ അധികൃതര്‍ സ്‌ട്രോയും സിപ്പറും അനുവദിച്ചതായി അഭിഭാഷകന്‍ വെളിപ്പെടുത്തി. അതിനിടെ അഭിഭാഷക സംഘം അദ്ദേഹത്തിന് സ്‌ട്രോയും സിപ്പറും എത്തിച്ചതായും വാർത്തയുണ്ടായിരുന്നു.

അറസ്റ്റിനിടെ പിടിച്ചെടുത്ത ബാഗ് തിരികെ നല്‍കാന്‍ ദേശീയ അന്വേഷണ എജന്‍സിയോടു നിര്‍ദേശിക്കണമെന്നതുള്‍പ്പെടെ മൂന്ന് ആവശ്യങ്ങളുമായി ഫാ. സ്റ്റാന്‍ സ്വാമി (83) പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. എന്‍ഐഎ സംഘം പിടിച്ചെടുത്തു എന്നവകാശപ്പെടുന്ന കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കിന്റെ ക്ലോണ്‍ പകര്‍പ്പ്, നവിമുംബൈയിലെ തലോജ ജയിലില്‍നിന്നു മാറ്റാനുള്ള തീരുമാനം റദ്ദാക്കണം എന്നിവയാണ് മറ്റാവശ്യങ്ങള്‍.

ഒക്ടോബര്‍ എട്ടിനാണു ഫാ. സ്റ്റാന്‍ സ്വാമിയെ ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നിന്ന് എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. ഈ സമയത്തു പിടിച്ചെടുത്ത സിപ്പറും സ്‌ട്രോയും തിരിച്ചുനല്‍കാന്‍ എന്‍.ഐ.എ.യോടു നിര്‍ദേശിക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ മാസമാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. എന്നാല്‍ ഇത്തരം വസ്തുക്കള്‍ പിടിച്ചെടുത്തില്ലെന്നായിരുന്നു എന്‍ഐഎയുടെ നിലപാട്. ഇതിനു പിന്നാലെ തണുപ്പുകാലത്ത് ഉപയോഗിക്കാനുള്ള വസ്ത്രവും സ്‌ട്രോയും സിപ്പറും നല്‍കണമെന്നാവശ്യപ്പെട്ട് ഫാ. സ്റ്റാന്‍ സ്വാമി വീണ്ടും കോടതിയെ സമീപിച്ചിരുന്നു. മറുപടി നല്‍കാന്‍ ജയിലധികൃതരോട് കഴിഞ്ഞ 26 നു കോടതി നിര്‍ദേശിക്കുകയും ചെയ്തു. കേസ് കോടതി വീണ്ടും നീട്ടിക്കൊണ്ടു പോയെങ്കിലും ഒടുവില്‍ ആവശ്യങ്ങള്‍ അംഗീകരിക്കുകയായിരുന്നു.

Comments (0)
Add Comment