ജാർഖണ്ഡ്: ഡിസംബർ 8 ന് ജാർഖണ്ഡ് സംസ്ഥാനത്ത് ഒരു പാസ്റ്ററെ അജ്ഞാത അക്രമികൾ വെടിവച്ചു കൊന്നു. ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലെ റാനിയ ഗ്രാമത്തിലെ ഇവാഞ്ചലിസ്റ്റായ പാസ്റ്റർ സലിം സ്റ്റീഫൻ സുരിൻ ഡിസംബർ എട്ടിന് കൊല്ലപ്പെട്ടതായി യുഎസ് ആസ്ഥാനമായുള്ള പീഡന നിരീക്ഷക സംഘം “ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേർൺ” വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു.
കൊലപാതകത്തിന്റെ ലക്ഷ്യം ഇതുവരെ ഔദ്യോകികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, വിശ്വാസത്തിന്റെ പേരിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് പാസ്റ്ററുടെ കുടുംബം അവകാശപ്പെടുന്നു. “അവർ എന്റെ ഭർത്താവിനെ എന്റെ കൺമുന്നിൽ വച്ച് കൊന്നു,” കൊല്ലപ്പെട്ട പാസ്റ്ററുടെ ഭാര്യ ടാർസിസ് പറഞ്ഞു. “എന്റെ ഭർത്താവിന്റെ നെഞ്ചിൽ വെടിയേറ്റത് കണ്ട് ഞാൻ ഭയന്നു. ഞാൻ എന്റെ മക്കളെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി, എന്നെ രക്ഷിക്കാനും എന്റെ രണ്ടു മക്കളെ പരിപാലിക്കാനും ദൈവത്തോട് ഉറക്കെ നിലവിളിച്ചു. ” ഭർത്താവിനെ വെടിവച്ച മൂന്നുപേരിൽ ഒരാളെ തള്ളിയിട്ടതായും തുടർന്ന് തോക്ക് തന്റെ നേർക്ക് ചൂണ്ടിയതായും ടാർസിസ് പറഞ്ഞു. “ഞാൻ തിങ്ങി വളർന്ന ഒരു കുറ്റിക്കാട്ടിലൂടെയും അടുത്തുള്ള വനത്തിലൂടെയും ഓടി. എൻറെ വീട്ടിലെത്താൻ ഞാൻ 10 മണിക്കൂറിലധികം നടന്നു. ആക്രമണകാരികളെ ഒഴിവാക്കാൻ ഞാൻ മനഃപൂർവം റോഡ് മാർഗം പോയില്ല” സഹോദരി തുടർന്നു.
ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലെ ഒരു സുവിശേഷകനായിരുന്നു പാസ്റ്റർ സുരിൻ. ഉപജീവനത്തിനായി റാനിയ ഗ്രാമത്തിൽ അദ്ദേഹം ഒരു ചെറിയ കട നടത്തുന്നുണ്ട്. അഞ്ച് പേർ സ്നാനമേൽക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതിനാൽ ഡിസംബർ എട്ടിന് പാസ്റ്റർ സുരിനും ഭാര്യ ടാർസിസ് സുരിനും പുടിക്ഡ ഗ്രാമത്തിലേക്ക് യാത്രയായി. പുടിക്ഡയിലെ ക്രിസ്ത്യാനികളെ സന്ദർശിച്ച ശേഷം അഞ്ച് പേരെ സ്നാനപ്പെടുത്തി സുരിനും ഭാര്യയും സ്വന്തം മോട്ടോർ ബൈക്കിൽ വീട്ടിലേക്ക് പോയപ്പോഴാണ് ഇവരെ തടഞ്ഞ് പാസ്റ്റർ സുരിനെ വെടിവച്ച് കൊന്നത്.