ന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങള്‍ക്കുള്ള സഹായപദ്ധതികള്‍ അര്‍ഹരായ എല്ലാ വിഭാഗങ്ങള്‍ക്കും ന്യായമായി ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്നലെ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയ കര്‍ദ്ദിനാള്‍മാരായ സിബിസിഐ പ്രസിഡന്റ് ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കെസിബിസി പ്രസിഡന്റ് മാര്‍ ജോര്‍ജ് ആലഞ്ചേരി, സിബിസിഐ മുന്‍ പ്രസിഡന്റ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ എന്നിവര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സഹായങ്ങള്‍ നല്കുന്നതില് ജാതി, മത പരിഗണനകളേക്കാളേറെ സാമ്പത്തിക മാനദണ്ഡം നോക്കണമെന്നും ന്യൂനപക്ഷങ്ങള്‍ക്കായുള്ള സഹായ പദ്ധതികള്‍, സ്കോളര്‍ഷിപ്പുകള്‍ തുടങ്ങിയവ അടക്കമുള്ള ആനുകൂല്യങ്ങളുടെ വിതരണം നീതിപൂര്‍വമാണെന്ന് ഉറപ്പാക്കണമെന്നും ന്യൂനപക്ഷങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളില്‍ ആനുപാതികമായി എല്ലാ വിഭാഗങ്ങള്‍ക്കും ലഭ്യമാക്കുകയെന്നത് പ്രധാനമാണെന്നും സഭാനേതാക്കൾ പ്രധാനമന്ത്രിയുടെ മുന്നില്‍ ആവശ്യമുന്നയിച്ചു.
സര്‍ക്കാര്‍ ആനുകൂല്യങ്ങളുടെ വിതരണത്തില്‍ ഓരോ സമുദായത്തിനും അര്‍ഹമായതു കിട്ടണം. ക്രൈസ്തവര്‍ക്കും അര്‍ഹതപ്പെട്ടതു ലഭ്യമാകണം. കേരളത്തില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ചെയ്യേണ്ടതുണ്ട്. എന്നാല്‍ ഇതിന്റെ പേരില്‍ മതസൗഹാര്‍ദം തകര്‍ക്കപ്പെടരുത്. സാമ്പത്തിക സഹായങ്ങള്‍ക്കുള്ള മാനദണ്ഡം സാമ്പത്തിക നിലവാരമായിരിക്കണം; മതം ആകരുത് സംവരണത്തിനുള്ള അര്‍ഹത, മറിച്ച് ഏറ്റവും പാവപ്പെട്ടവരായവര്ക്കാകണം കിട്ടേണ്ടതെന്ന് മാര്‍ ആലഞ്ചേരിയും മാര്‍ ക്ലീമിസും പറഞ്ഞു. തത്വത്തില്‍ ഇതിനോട് യോജിക്കുന്നുവെന്നു പ്രധാനമന്ത്രി വ്യക്തമാക്കിയതായി ബിഷപ്പുമാർ അറിയിച്ചു.