ചിറ്റൂർ: സത്യയുഗത്തിൽ മക്കൾ പുനർജനിക്കുമെന്ന് മന്ത്രവാദി പറഞ്ഞതനുസരിച്ച് ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ യുവതികളെ മാതാപിതാക്കൾ തലയ്ക്കടിച്ചു കൊന്നു. അച്ഛനും അമ്മയും മികച്ച വിദ്യാഭ്യാസം നേടിയവർ, ഇരുവരും അധ്യാപകർ, എന്നിട്ടും പുനർജനിക്കുമെന്ന് വിശ്വസിച്ച് രണ്ട് യുവതികളായ പെൺമക്കളെ കുരുതി കൊടുത്ത അജ്ഞതയോർത്ത് നടുങ്ങി നിൽക്കുകയാണ് രാജ്യം. വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഉന്നതിയിൽ നിൽക്കുന്ന കുടുംബത്തിലാണ് ഈ ക്രൂരകൊലപാതകം നടന്നത്. പുരുഷോത്തം നായിഡു- പത്മജ ദമ്പതിമാരാണ് തങ്ങളുടെ ആലേഖ്യ (27), സായ് ദിവ്യ (22) എന്നീ പെൺമക്കളെ ക്രൂരമായി കൊലപ്പെടുത്തിയത്.
കലിയുഗം അവസാനിച്ച് തിങ്കളാഴ്ച മുതൽ സത്യയുഗം തുടങ്ങുകയാണെന്നും തിങ്കളാഴ്ച സൂര്യനുദിക്കുന്നതോടെ മക്കൾക്ക് വീണ്ടും ജീവൻ ലഭിക്കുമെന്നാണ് ദമ്പതിമാർ പോലീസിനോട് പറഞ്ഞത്. പോലീസ് വീട്ടിലെത്തിയപ്പോൾ തങ്ങൾക്ക് ഒരു ദിവസത്തെ സമയം തരണമെന്നും മക്കൾ പുനർജ്ജനിക്കുന്നത് വരെ കാത്തിരിക്കണമെന്നും അഭ്യർത്ഥിച്ചു. ഏതോ മന്ത്രവാദിയുടെ വാക്കു വിശ്വസിച്ചാണ് ഇവർ ഈ കൃത്യം ചെയ്തതെന്നാണ് റിപ്പോർട്ട്.
പുരുഷോത്തം നായിഡു സർക്കാർ വനിതാ കോളേജിലെ വൈസ് പ്രിൻസിപ്പൽ ആണ്. പത്മജ സ്കൂൾ പ്രിൻസിപ്പലും ഗണിത ശാസ്ത്രത്തിൽ സ്വർണമെഡൽ നേടിയ വ്യക്തിയുമാണ്.
ഡംബൽ ഉപയോഗിച്ച് തലയ്ക്കടിച്ചാണ് അലേഖ്യയെ കൊലപ്പെടുത്തിയത്. കൊലപാതകശേഷം ഇരുവരെയും ചുവന്ന പട്ട് പുതപ്പിച്ചിരുന്നു. അലേഖ്യയെ കൊലപ്പെടുത്തിയ ശേഷം വായിൽ ചെറിയ ലോഹ പാത്രം വെച്ചു. ആലേഖ്യ പുനർജ്ജനിക്കാനായി സായി ദിവ്യയെ ശൂലം ഉപയോഗിച്ച് കൊലപ്പെടുത്തി. ഭർത്താവിന്റെ സഹായത്തോടെയായിരുന്നു ഇത്.വീട്ടിൽ നിന്ന് അസ്വഭാവിക ശബ്ദങ്ങൾ കേട്ട് നാട്ടുകാർ പരാതിപ്പെട്ടത് അനുസരിച്ച് പോലീസെത്തി പരിശോധിച്ചപ്പോഴാണ് കൊലപാതകം പുറം ലോകം അറിഞ്ഞത്.
കൊല്ലപ്പെട്ട മൂത്ത മകൾ അലേഖ്യ ഇന്ത്യൻ ഫോറസ്റ്റ് സർവീസിലെ ജോലി രാജി വച്ച ശേഷം സിവിൽ സർവീസ് പരീക്ഷ എഴുതാനുള്ള പരിശീലനത്തിലായിരുന്നു. ഇളയമകൾ സായ് ദിവ്യ എം.ബി.എ പൂർത്തിയാക്കിയ ശേഷം ചെന്നൈയിലെ എ.ആർ. റഹ്മാൻ സംഗീത കോളേജിലെ വിദ്യാർത്ഥിയായിരുന്നു.