ന്യൂഡൽഹി: ഗൾഫിൽ നിന്ന് വരുന്നവർക്ക് കോവിഡ് പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. യാത്ര പുറപ്പെടും മുമ്പ് എയർ സുവിധ വെബ്സൈറ്റിൽ പരിശോധനാഫലം അപ്ലോഡ് ചെയ്യണമെന്നാണ് നിർദ്ദേശം. എന്നാൽ ഇക്കാര്യത്തിൽ അന്തിമതീരുമാനം സംസ്ഥാനസർക്കാരുകൾക്ക് സ്വീകരിക്കാവുന്നതാണ്. ഈ മാസം 22 മുതൽ പുതിയ തീരുമാനം നിലവിൽവരും. 22 മുതൽ തിരുവനന്തപുരം എയർപോർട്ടിൽ നിർദ്ദേശം പാലിക്കുമെന്നാണ് അറിയിപ്പ്.
ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർ, യാത്രയ്ക്ക് മുൻപ് കോവിഡ് നെഗറ്റീവ് ആണെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖ എയർ സുവിധ പോർട്ടലിൽ അപ്ലോഡ് ചെയ്യണം. കൂടാതെ ആർ.ടി.പി.സി.ആർ. ടെസ്റ്റിൽ നെഗറ്റീവ് ആണെന്ന റിപ്പോർട്ടും അപ്ലോഡ് ചെയ്യണം. തെറ്റായ വിവരമാണ് അപ്ലോഡ് ചെയ്യുന്നതെങ്കിൽ, അത് ക്രിമിനൽ കുറ്റമായി പരിഗണിക്കാൻ സാധ്യതയുണ്ട്.
കൊറോണ വൈറസിന്റെ വകഭേദം വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർക്കായി കേന്ദ്രആരോഗ്യമന്ത്രാലയം പുതിയ കോവിഡ് മാര്ഗനിര്ദേശങ്ങള് പുറപ്പെടുവിച്ചത്.
നിലവിൽ തമിഴ്നാട് അടക്കം ചില സംസ്ഥാനങ്ങളിലേക്ക് വരുന്നവർക്ക് മാത്രമാണ് കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം നിർബന്ധമാക്കിയിരുന്നത്. ഇന്ത്യയിൽ കോവിഡിന്റെ മൂന്നു വകഭേദം സ്ഥിരീകരിച്ചതോടെയാണ് കേന്ദ്ര സർക്കാർ പുതിയ മാർഗനിർദേശം പുറത്തിറക്കിയത്. യു.കെ. യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽനിന്ന് നേരിട്ടുള്ള വിമാനം വഴിയോ മാറിക്കയറിയോ എത്തുന്ന എല്ലാ യാത്രക്കാരും തങ്ങളുടെ 14 ദിവസത്തെ ട്രാവൽ ഹിസ്റ്ററി വെളിപ്പെടുത്തണമെന്നും നിർദേശമുണ്ട്. പുതിയ മാർഗനിർദേശ പ്രകാരം, യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുൻപ് നടത്തിയ ആർ.ടി.പി.സി.ആർ ടെസ്റ്റിൽ നെഗറ്റീവ് ആയവരെ മാത്രമേ വിമാനത്തിൽ പ്രവേശിക്കാൻ അനുവദിക്കയുള്ളൂ. അതേസമയം, കുടുംബത്തിൽ മരണം സംഭവിച്ചതുമൂലം യാത്ര ചെയ്യുന്നവരെ ഈ നിബന്ധനയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.