ന്യൂഡൽഹി: ഇന്നത്തെ ആധുനിക തലമുറ ഏറ്റവുമധികം ഉപയോഗിക്കുന്ന സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം തടയാൻ മാർഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ. ഇതിൽ ഒ.ടി.ടിയും ഉൾപ്പെടുത്തി അതോടൊപ്പം ഇവയെ നിയന്ത്രിക്കാൻ ത്രിതല സംവിധാനമാണ് ഒരുക്കുന്നത്. ഇവയുടെ നിയന്ത്രണത്തിനായി ” ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ് 2021″ എന്ന പേരിലാണ് നിലവിലെ നിയമങ്ങൾ പരിഷ്കരിക്കുമെന്ന് കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ്, വാര്‍ത്ത വിനിമയ മന്ത്രി പ്രകാശ് ജാവദേക്കര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തിൽ പ്രസ്താവിച്ചു.
ഒടിടി പ്ലാറ്റ്ഫോമുകൾക്ക് ഒരു സ്വയം നിയന്ത്രണ സംവിധാനം വേണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. ഇതിനായി ഒരു ചീഫ് കംപ്ലയിൻസ് ഓഫീസർ, നോഡൽ കോൺടാക്ട് പേർസൺ, ഒരു റസിഡന്റ്സ് ഓഫീസർ എന്നിവരെ നിയമിക്കണം. ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ നിന്ന് സർക്കാർ വിവരങ്ങൾ തേടും, എന്നാൽ രജിസ്ട്രേഷൻ നിർബന്ധമാക്കില്ല. 13 , 16 , A എന്നീ രീതിയിൽ ഒടിടി പ്ലാറ്റ്ഫോമുകളുടെ ഉള്ളടക്കം വേർതിരിക്കണം. ഇവർ കുട്ടികൾ കാണുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും മാർഗനിർദേശത്തിൽ പ്രത്യേകം പറയപ്പെടുന്നു.
വെബ്സൈറ്റുകൾക്കും ഒ.ടി.ടി പ്ലാറ്റ്ഫോമുകൾക്കും അടിസ്ഥാനപരമായ കോഡ് ഓഫ് എത്തിക്സ് ഏർപ്പെടുത്തുകയും പരാതി പരിഹാര സംവിധാനം ഏർപ്പെടുത്തുകയുമാണ് പുതിയ നിയമങ്ങളുടെ ലക്ഷ്യം. ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ, ന്യൂസ് വെബ്സൈറ്റുകൾ, സമൂഹമാധ്യമങ്ങൾ എന്നിങ്ങനെ എല്ലാത്തരം ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമുകളും പുതിയ നിയമങ്ങൾക്ക് കീഴിൽ വരും. ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലും ഡിജിറ്റൽ പോർട്ടലുകളിലും പരാതി പരിഹാര സംവിധാനം ഉണ്ടായിരിക്കണം. ഹൈക്കോടതി ജഡ്ജി അല്ലെങ്കിൽ ഈ വിഭാഗത്തിലെ പ്രഗത്ഭനായ വ്യക്തിയോ ആകണം പരാതി പരിഹാര സമിതിയിൽ ഉണ്ടാകേണ്ടത്. പുതിയ പരാതി പരിഹാര സംവിധാനത്തിലൂടെ 24 മണിക്കൂറിനുള്ളിൽ പരാതി രജിസ്റ്റർ ചെയ്ത് 15 ദിവസത്തിനുള്ളിൽ തീർപ്പുണ്ടാക്കണം.