കഴിഞ്ഞവർഷം ലോകത്ത് ഏറ്റവുമധികം ഇന്റർനെറ്റ് വിഛേദിച്ചത് ഇന്ത്യയിലെന്നു യുഎസിലെ ഡിജിറ്റൽ അവകാശ ഗ്രൂപ്പായ ‘ആക്സസ് നൗ’ റിപ്പോർട്ട്. 2020 ൽ 29 രാജ്യങ്ങളിലായി 155 ഇന്റർനെറ്റ് വിഛേദമുണ്ടായതിൽ (ഇന്റർനെറ്റ് ബ്ലാക്കൗട്ട്) 109 എണ്ണവും ഇന്ത്യയിലായിരുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കോവിഡ് കാലത്തു ലോകം ഓൺലൈനിലേക്കു തിരിഞ്ഞപ്പോൾ ഇന്റർനെറ്റ് തടയുന്ന സർക്കാരുകൾ ജനങ്ങളുടെ വിദ്യാഭ്യാസം, ബിസിനസുകൾ, ജീവിക്കാനുള്ള അവകാശം എന്നിവയിൽ കൈകടത്തുകയാണെന്നു റിപ്പോർട്ടിൽ പറഞ്ഞു. പൗരത്വനിയമ പ്രക്ഷോഭം, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി, കർഷക സമരം തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യയിൽ ഇന്റർനെറ്റ് വിഛേദമുണ്ടായി. കശ്മീരിൽ 2019 ഓഗസ്റ്റിലാരംഭിച്ച നിയന്ത്രണം കഴിഞ്ഞ മാസമാണ് അവസാനിച്ചത്.
രണ്ടാം സ്ഥാനത്തുള്ള യെമനിൽ 6 തവണയും മൂന്നാം സ്ഥാനത്തുള്ള ഇത്യോപ്യയിൽ 4 തവണയും ഇന്റർനെറ്റ് വിഛേദിച്ചു. മ്യാൻമറിൽ റാഖൈൻ സംസ്ഥാനത്ത് 19 മാസം ഇന്റർനെറ്റ് വിഛേദിച്ചു.
2021 വർഷം തുടങ്ങിയത് തന്നെ ഇന്റർനെറ്റ് ലോക്ക്ഡൗണുകളുമായാണ്. കർഷകരുടെ പ്രതിഷേധത്തിന്റെ പേരിൽ ഹരിയാനയിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഉള്‍പ്പടെ ഏഴിൽ കൂടുതൽ ഇന്റർനെറ്റ് ഷട്ട്ഡൗണുകൾ രാജ്യം കണ്ടു കഴിഞ്ഞു. കർഷകരുടെ പ്രതിഷേധ സ്ഥലത്ത് സർക്കാർ ഇന്റർനെറ്റ് റദ്ദാക്കിയത് ലോകമെമ്പാടും ശ്രദ്ധ ആകർഷിച്ചിരുന്നു.
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഇന്റർനെറ്റ് ഷട്ട്ഡൗൺ ഇന്ത്യയിലാണ് റിപ്പോർട്ടുചെയ്തിരിക്കുന്നത്. ആർട്ടിക്കിൾ 370 ന്റെ പേരിൽ 2019 ഓഗസ്റ്റ് 4 നും 2020 മാർച്ച് 4 നും ഇടയിൽ 223 ദിവസത്തേക്ക് ജമ്മു കശ്മീരിൽ ഇന്റർനെറ്റ് നിരോധിച്ചു. ലോകത്തെ മറ്റേതൊരു ജനാധിപത്യ രാജ്യത്തേക്കാളും കൂടുതൽ തവണ ഇന്ത്യ ഇന്റർനെറ്റ് അടച്ചുപൂട്ടിയിട്ടുണ്ടെന്നാണ് ഫോബ്സ് റിപ്പോർട്ട് ചെയ്യുന്നത്.
ടോപ്പ് 10 വിപിഎന്‍ അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ നേരം ഇന്റര്‍നെറ്റ് പ്രവര്‍ത്തന രഹിതമായത് ഇന്ത്യയിലാണ്. 8927 മണിക്കൂര്‍ നേരം. ഇതുവഴി 2020-ല്‍ രാജ്യത്തിന് 20,500 കോടിയുടെ നഷ്ടമാണുണ്ടായത്. 2020-ല്‍ 109 തവണയാണ് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് റദ്ദാക്കിയത്. ഇത് മറ്റേത് രാജ്യത്തേക്കാളും കൂടുതലാണ്. ഈ വർഷവും ഇന്ത്യ തന്നെയാണ് ഇപ്പോള്‍ മുന്നിൽ. ലോകബാങ്ക്, ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്, സോഫ്റ്റ് വെയര്‍ ഫ്രീഡം ലോ സെന്റര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് നഷ്ടം കണക്കാക്കുന്നത്.
ഇന്ത്യൻ നിയമങ്ങളിൽ ഇന്റർനെറ്റ് റദ്ദാക്കാനുള്ള വ്യവസ്ഥയും ഉൾപ്പെടുന്നു. ഒരു പ്രദേശത്തെ ഇന്റർനെറ്റ് ഉൾപ്പെടെയുള്ള ടെലികോം സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ അനുവദിക്കുന്ന ‘ടെലികോം സേവനങ്ങളുടെ താൽക്കാലിക സസ്പെൻഷൻ (പബ്ലിക് എമർജൻസി അല്ലെങ്കിൽ പബ്ലിക് സേഫ്റ്റി) നിയമങ്ങൾ അനുവദിക്കുന്നുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ, പൊതു സുരക്ഷ മുൻനിർത്തി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കോ, സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്കോ ഇന്റർനെറ്റ് റദ്ദാക്കി ഉത്തരവ് പുറപ്പെടുവിക്കാം. എന്നാൽ, ഇതിനെല്ലാം നിരവധി നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. എന്നാൽ, അതൊന്നും പാലിക്കാതെയാണ് പലപ്പോഴും റദ്ദാക്കലുകൾ നടക്കുന്നത്.
2020-ല്‍ ആഗോളതലത്തിൽ 27,165 മണിക്കൂര്‍ ആണ് ഇന്റര്‍നെറ്റ് തടസം നേരിട്ടത്. ഇത് കാരണം 401 കോടി ഡോളറിന്റെ നഷ്ടമുണ്ടായി. ഇതില്‍ ഏകദേശം മുക്കാല്‍ പങ്കും ഇന്ത്യയില്‍ നിന്നുള്ളതായിരുന്നു എന്നതാണ് വസ്തുത. ബെലാറസ്, യെമെന്‍, മ്യാന്മര്, അസര്‍ ബായ്ജാന് തുടങ്ങിയ രാജ്യങ്ങളാണ് ഇന്റർനെറ്റ് റദ്ദാക്കുന്നതിൽ ഇന്ത്യയ്ക്ക് പിന്നിലുള്ള രാജ്യങ്ങൾ.