ന്യൂഡല്‍ഹി: ട്രെയിനില്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് തേടി. കുറ്റക്കാര്‍ക്കെതിരേ സ്വീകരിച്ച നടപടി അറിയിക്കാന്‍ നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ മാനേജര്‍, ആര്‍പിഎഫ് അഡീ. ഡയറക്ടര്‍ ജനറല്‍ എന്നിവരോടാണ് കമ്മീഷന് റിപ്പോര്‍ട്ട് തേടിയത്. നാലാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ജസ്റ്റിസ് കുര്യന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ മാർച്ച് 19 നാണ് ഝാൻസി റെയിൽവേ സ്റ്റേഷനിൽ വെച്ച് തിരുഹൃദയ (സേക്രഡ് ഹാർട്ട്) സന്യാസി സമൂഹത്തിന്റെ ഡൽഹി പ്രൊവിൻസിലെ മലയാളി അടക്കമുള്ള നാല് കന്യാസ്ത്രീകൾക്ക് നേരെ കയ്യേറ്റ ശ്രമമുണ്ടായത്. രണ്ടുപേർ സന്യാസ വേഷത്തിലും ഇതരർ സാധാരണ വേഷത്തിലും ആയിരുന്നു. ഒപ്പമുള്ള രണ്ടു പെൺകുട്ടികളെ മതം മാറ്റാൻ കൊണ്ടുപോകുന്നുവെന്നാരോപിച്ചാണ് ചിലർ ആക്രമണത്തിന് ശ്രമിച്ചത്. തീവണ്ടിയിൽ നിന്ന് ബലം പ്രയോഗിച്ച് പുറത്തിറക്കുകയും ചെയ്തിരുന്നു. എന്നാല്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടിട്ടില്ലെന്നും യാത്രാരേഖകള്‍ പരിശോധിച്ച് വിട്ടയയ്ക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു റെയിൽവേ മന്ത്രി പീയൂഷ് ഗോയലിന്റെ വാദം. കേരള മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് ഉൾപ്പെടെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.