ബിജാപൂർ: ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിലെ വനമേഖലയിൽ മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടലിൽ 22 സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. ബിജാപൂർ എസ്.പി. കമലോചൻ കശ്യപാണ് ഇക്കാര്യം അറിയിച്ചത്. സുക്മ – ബിജാപൂർ അതിർത്തിയിലെ വനമേഖലയിലാണ് സുരക്ഷാ ഉദ്യോഗസ്ഥരും മാവോയിസ്റ്റുകളും തമ്മിൽ ഇന്നലെ ഏറ്റുമുട്ടലുണ്ടായത്. 17 ജവാന്മാരുടെ മൃതദേഹം കണ്ടെടുത്തു. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്.
നാല് മണിക്കൂറോളം ഏറ്റുമുട്ടല്‍ നീണ്ടു. ആദ്യം അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തയാണ് പുറത്തുവന്നത്. പിന്നീടാണ് 22 പേര്‍ക്ക് ജീവന് നഷ്ടമായതായി സ്ഥിരീകരിച്ചത്. 31 ഓളം സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇവരില്‍ ഏഴുപേരുടെ നില ഗുരുതരമാണ്. 21 സൈനികരെ കാണാനില്ലെന്ന വാര്‍ത്തകളും ഇതോടൊപ്പം പുറത്തുവന്നിരുന്നു. കാണാതായ 21 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തുകയാണെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ പറഞ്ഞു.