ന്യൂഡൽഹി: ജസ്റ്റിസ് എൻ.വി.രമണയെ സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി രാഷ്ട്രപതി റാം നാഥ് കോവിന്ദ് നിയമിച്ചു. ഈ മാസം 24നാണ് സത്യപ്രതിജ്ഞ. നിലവിലെ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ 23ന് വിരമിക്കും. അദ്ദേഹത്തിന്റെ പിൻഗാമിയായാണ്, എൻ.വി.രമണയെ രാഷ്ട്രപതി നിയോഗിച്ചിരിക്കുന്നത്. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിൽ ജനിച്ച ജസ്റ്റിസ് രമണ, സുപ്രീം കോടതിയുടെ 48–ാം ചീഫ് ജസ്റ്റിസായാണ് നിയമിതനാകുന്നത്.
ആന്ധ്രാപ്രദേശിലെ കര്‍ഷക കുടുംബത്തില്‍ 1957 ഓഗസ്ത് 27നാണ് ജസ്റ്റിസ് എന്‍വി രമണ (63) ജനിച്ചത്. ആന്ധ്രയില്‍ നിന്ന് ഈ പദവിയിലേക്കെത്തുന്ന രണ്ടാമത്തെ ആളാണ് എന്‍.വി രമണ. സുപ്രീം കോടതിയുടെ ഒമ്പതാമത്തെ ചീഫ് ജസ്റ്റിസ് ആയിരുന്ന(1966-67) സുബ്ബ റാവോ ആയിരുന്നു ഇതിന് മുന്‍പ് ആന്ധാപ്രദേശില്‍ നിന്ന് ഈ പദവിയിലേക്കെത്തിയ ആദ്യ വ്യക്തി. 2022 ഓഗസ്റ്റ് 26വരെ പദവിയിൽ തുടരാം.
ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്ജി, ആന്ധ്രാപ്രദേശ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ്, ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2000 ജൂൺ 27ന് ആന്ധ്രപ്രദേശ് ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിയായ രമണ, 2013 മാർച്ച് 10 മുതൽ മേയ് 20 വരെ ആക്ടിങ് ചീഫ് ജസ്റ്റിസായി. ആ വർഷം തന്നെ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായി. 2014ൽ സുപ്രീം കോടതി ജഡ്ജിയായി.