ന്യൂഡല്‍ഹി: 18 വയസ്സിനു മുകളില്‍ പ്രായമായ എല്ലാവര്ക്കും കോവിഡ് വാക്സിന് നല്‍കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) പ്രധാനമന്ത്രിക്ക് കത്തയച്ചു. നിലവില്‍ 45 വയസ്സിന് മുകളില്‍ പ്രായമായവര്‍ക്കാണ് രാജ്യത്ത് വാക്സിന് വിതരണം നടത്തുന്നത്. അതേസമയം കോവിഡിന്റെ രണ്ടാം തരംഗം വര്‍ദ്ധിക്കുന്നതിന്റെ ഭാഗമായി വാക്സിനേഷന് കൂടുതല്‍ വേഗത്തിലാക്കേണ്ടതുണ്ട്. അതിനാല്‍ 18 വയസ്സിന് മുകളില്‍ പ്രായമായ എല്ലാവര്ക്കും വാക്സിന് നല്‍കണമെന്ന് ഐഎംഎ കത്തില്‍ ആവശ്യപ്പെടുന്നു.
വാക്സിന് വിതരണം വേഗത്തിലാക്കുന്നതിനായി കൂടുതല്‍ സ്വകാര്യ ക്ലിനിക്കുകളെയും സ്വകാര്യ ആശുപത്രികളിലെയും വാക്സിനേഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും കത്തില്‍ പറയുന്നു. കൂടാതെ പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കുന്ന എല്ലാവര്ക്കും കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണം, സിനിമാ തിയേറ്റര്‍, സാംസ്കാരിക-മതപര ചടങ്ങുകള്‍, കായിക പരിപാടികള്‍ എന്നിവ നടത്തുന്ന സ്ഥലങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങളും കത്തില്‍ പരാമർശിക്കുന്നുണ്ട്.