ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം വ്യാപിക്കുമ്പോൾ രാജ്യവ്യാപക ലോക്ഡൗണിന്റെ ആവശ്യം ഇല്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗത്തിൽ സൂചന നൽകി.
നേരത്തെ, പ്രതിരോധ സൗകര്യങ്ങളുടെ കുറവ് നികത്താൻ ലോക്ഡൗൺ വേണ്ടിവന്നു. ഇപ്പോൾ വിഭവങ്ങളും വാക്സീനും നമുക്കുണ്ട്. കണ്ടെയ്ൻമെന്റ് സോണുകൾ നിശ്ചയിച്ചും രാത്രി കർഫ്യു നടപ്പാക്കിയുമുള്ള പ്രതിരോധ പ്രവർത്തനമാണ് വേണ്ടത്. മഹാരാഷ്ട്ര, ഗുജറാത്ത്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ സ്ഥിതി ആശങ്കാജനകമാണ്–അദ്ദേഹം പറഞ്ഞു.
സാമൂഹിക പരിഷ്കർത്താവ് ഭൂലെയുടെ ജന്മദിനമായ 11 മുതൽ അംബേദ്കർ ജയന്തിയായ 14 വരെ വാക്സീൻ ഉത്സവം ആഘോഷിക്കാൻ മോദി ആഹ്വാനം ചെയ്തു. പ്രതിരോധ പദ്ധതിക്കു രൂപം നൽകാൻ സംസ്ഥാന സർക്കാരുകൾ ഗവർണറുമായി ചേർന്നു സർവകക്ഷി യോഗം വിളിക്കണം. പരിശോധന വർധിപ്പിക്കാൻ പ്രചാരണം നടത്തണം.ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ, ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ എന്നിവരും യോഗത്തിൽ പങ്കെടുത്തു. കേരള മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിനിധീകരിച്ചു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പങ്കെടുത്തു.