ന്യുഡൽഹി: രാജ്യത്ത് 18 വയസ് പൂര്‍ത്തിയായ എല്ലാ പൗരന്‍മാര്‍ക്കും വാക്സിന്‍ നല്‍കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ കോവിഡ് ടീം ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ഈ സുപ്രധാന പ്രഖ്യാപനം. കോവിഡ് വ്യാപനം അതിതീവ്രമായ നിലയിലേക്ക് ഉയര്‍ന്നതിന് പിന്നാലെയാണ് വാക്സിന്‍ വിതരണം വ്യാപകമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. വാക്‌സിന്റെ ആദ്യഘട്ടത്തില്‍ കോവിഡ് മുന്‍നിര പോരാളികള്‍ക്കാണ് വാക്സിന്‍ നല്‍കിയത്. പിന്നീട് 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും മൂന്നാം ഘട്ടത്തില്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും വാക്സിന്‍ നല്‍കിയിരുന്നു. പ്രായപൂര്‍ത്തിയായ മുഴുവന്‍ ആളുകള്‍ക്കും വാക്സിന്‍ നല്‍കാന്‍ തീരുമാനിച്ചതോടെ ലോകത്തെ തന്നെ ഏറ്റവും വലിയ വാക്സിനേഷന്‍ പ്രക്രിയകളിലൊന്നിലേക്കാണ് ഇന്ത്യ കടക്കുന്നത്. വിദേശ കമ്പനികളുമായി ഇന്ത്യന്‍ കമ്പനികളെ സഹകരിപ്പിച്ചു കൊണ്ട് വന്‍തോതില്‍ വാക്സിന്‍ ഉത്പാദിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. എന്നാല്‍ കോടിക്കണക്കിന് ജനങ്ങള്‍ക്ക് ആവശ്യമായത്രയും വാക്സിന്‍ ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുക എന്നത് വലിയ വെല്ലുവിളിയായി അവശേഷിക്കുന്നു.
അതേസമയം ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി ബ്രിട്ടൺ. നേരത്തെ ബ്രിട്ടനിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ വകഭേദം ഇന്ത്യയിൽ 103 പേരിൽ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയതെന്ന് ആരോഗ്യമന്ത്രി മാറ്റ് ഹാൻകോക്ക് പ്രസ്താവിച്ചു. യു.കെ, അയർലൻഡ് പൗരന്മാർ ഒഴികെയുള്ളവർക്ക് ഇന്ത്യയിൽ നിന്ന് ബ്രിട്ടിനിലേക്ക് വരാനാകില്ലെന്നും ഹാൻകോക്ക് കൂട്ടിച്ചേർത്തു.