മുംബൈ: ഭാരതത്തില്‍ കോവിഡ്-19 മഹാമാരിയുടെ രണ്ടാം തരംഗ വ്യാപനം തീവ്രമായ സാഹചര്യത്തില്‍ മെയ് 7-ാം തീയതി രോഗികള്‍ക്ക് വേണ്ടി ഉപവാസ പ്രാര്‍ത്ഥനാദിനം ആചരിക്കണമെന്ന് ദേശീയ കാതലിക് ബിഷപ്സ് കോൺഫറൻസ് (സി.ബി.സി.ഐ) ആഹ്വാനം ചെയ്തു. കൊറോണയുടെ രണ്ടാം വരവ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു സുനാമിപോലെയാണെന്നു സി.ബി.സി.ഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഇതുസംബന്ധിച്ച് ഇന്നലെ പുറത്തിറക്കിയ കത്തില്‍ പറയുന്നു. ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, കര്‍ദ്ദിനാള്‍ ക്ലീമിസ് ബാവ, സി.സി.ബി.ഐ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് നേരി ഫെറാരോ എന്നിവരുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷമാണ് മെയ് 7 വെള്ളിയാഴ്ച ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാന്‍ തീരുമാനിച്ചതെന്നു കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് കുറിച്ചു. ഏപ്രില്‍ 28-29 തിയതികളില്‍ നടക്കുന്ന സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ കൂടുതല്‍ തീരുമാനങ്ങള്‍ ഉണ്ടാവുമെന്നറിയിച്ച കര്‍ദ്ദിനാള്‍ കൊറോണക്കെതിരെ കത്തോലിക്ക സഭയുടെ ഔദ്യോഗിക സന്നദ്ധ സംഘടനയായ കാരിത്താസ് നടത്തുന്ന പ്രവര്‍ത്തനങ്ങളെ അനുമോദിച്ചുകൊണ്ടാണ് തന്റെ കത്ത് അവസാനിപ്പിച്ചിരിക്കുന്നത്.
വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ‘നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യ’ (എന്‍.സി.സി.ഐ), ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ (ഇ.എഫ്.ഐ)യും പ്രാര്‍ത്ഥനാദിനത്തില്‍ സഹകരിക്കുമെന്നറിയിച്ച അദ്ദേഹം ‘ഉപവാസപ്രാര്‍ത്ഥനാ’ ദിനത്തില്‍ പങ്കെടുക്കുവാന്‍ രാജ്യത്തെ എല്ലാ ഇടവകകളേയും ക്ഷണിച്ചിട്ടുണ്ട്. അന്നേദിവസം ഉച്ചയോടടുത്ത് രാജ്യത്തെ എല്ലാ മെത്രാന്മാരും തങ്ങളുടെ അരമനകളിലോ/കത്തീഡ്രലിലോ പ്രാര്‍ത്ഥനകള്‍ സംഘടിപ്പിച്ചാല്‍ നന്നായിരിക്കുമെന്നും കത്തില്‍ പരാമര്‍ശമുണ്ട്. ഓരോ രൂപതക്കും അവരുടെ സൗകര്യത്തിനനുസരിച്ച രീതിയില്‍ ‘ഉപവാസ പ്രാര്‍ത്ഥനാദിനാചരണം’ സംഘടിപ്പിക്കാമെന്നാണ് കത്തില്‍ പറയുന്നത്. ഇക്കാര്യം തങ്ങളുടെ രൂപതയിലെ എല്ലാ ഇടവകകളേയും അറിയിക്കണം. കോവിഡ് മഹാവ്യാധിയുടെ അന്ത്യത്തിനായും, രോഗികളുടെ സൗഖ്യത്തിനായും, ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ധൈര്യത്തിനും, പ്രതിരോധ മരുന്നുകളുടെ പരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ വിജയത്തിനും വേണ്ടി ഒരു മണിക്കൂര്‍ “വിശുദ്ധ മണിക്കൂര്‍’ പ്രാര്‍ത്ഥനക്കായി എല്ലാ സന്യാസ സമൂഹങ്ങളോട്, പ്രത്യേകിച്ച് കന്യാസ്ത്രീ മഠങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു. പകര്‍ച്ചവ്യാധി അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുവാന്‍ ഇരിക്കുന്നതേ ഉള്ളൂയെന്ന മുന്നറിയിപ്പും കത്തിലുണ്ട്.