ബ്ലാക്ക് ഫംഗസിന് പിന്നാലെ യെല്ലോ ഫംഗസ്; രാജ്യത്ത് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു

ലഖ്നൗ: ബ്ലാക്ക് ഫംഗസിനും വൈറ്റ് ഫംഗസിനും പിന്നാലെ ഇന്ത്യയിൽ യെല്ലോ ഫംഗസ് കൂടി റിപ്പോർട്ട് ചെയ്തു. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ 45 വയസ്സുകാരനിലാണ് ആദ്യ യെല്ലോ ഫംഗസ് കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗി നിലവിൽ ഗാസിയാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റ് ഫംഗൽ അണുബാധയേക്കാൾ മാരകമാണ് യെല്ലോ ഫംഗസ് ബാധയെന്നാണ് പുറത്ത് വരുന്ന പ്രാഥമിക റിപോർട്ടുകൾ. യെല്ലോ ഫംഗസ് ബാധ മറ്റ് രണ്ട് അണുബാധയേക്കാൾ മാരകമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. ബ്ലാക്ക്-വൈറ്റ് ഫംഗസ് ബാധയുടെ പ്രധാന ലക്ഷണങ്ങൾ നീർവീക്കം, മുഖത്തെ നിറംമാറ്റം, കാഴ്ച കുറയൽ, ഇരട്ടദൃഷ്ടി, നെഞ്ചുവേദന, ശ്വാസതടസ്സം, ചുമ, തലവേദന തുടങ്ങിയവയാണെങ്കിൽ യെല്ലോ ഫംഗസിന് ആന്തരിക പ്രശ്നങ്ങളാണ് കൂടുതലുള്ളത്. അതിനാൽ രോഗലക്ഷണങ്ങൾ ആരംഭിച്ചാൽ ഉടൻ ചികിത്സ ആരംഭിക്കണമെന്നും ഡോക്ടർ വ്യക്തമാക്കി. യെല്ലോ ഫംഗസ് സ്ഥിരീകരിച്ച രോഗിയിൽ നേരത്തെ ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് എന്നിവയും സ്ഥിരീകരിച്ചിരുന്നു.

Comments (0)
Add Comment