ന്യൂഡൽഹി: ഐ.പി.സി. നോർത്തേൺ റീജിയന്റെ 53-ാമത് ജനറൽ കൺവൻഷനും ശുശ്രൂഷക സമ്മേളനവും നാളെ ആരംഭിക്കും. ജണ്ഡേവാലയിലെ അംബേദ്കർ ഭവനിൽ വെച്ച് നടക്കുന്ന കൺവൻഷൻ്റെ പ്രധാന ചിന്താവിഷയം “ആശയിൽ സന്തോഷിപ്പിൻ, കഷ്ടതയിൽ സഹിഷ്ണത കാണിപ്പിൻ; പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ” (റോമർ 12:12,13) എന്നുള്ളതാണ്. വ്യാഴാഴ്ച വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തിൽ ഐ.പി.സി.എൻ.ആർ വർക്കിംഗ് പ്രസിഡന്റ് പാസ്റ്റർ. പി.എം. ജോൺ കൺവൻഷൻ ഔപചാരികമായി ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ രാവിലെ 10 മണിക്ക് ശുശ്രൂഷക സമ്മേളനവും വൈകുന്നേരം 6 മണി മുതൽ പൊതുയോഗവും ഉണ്ടായിരിക്കുന്നതാണ്. ഒക്ടോ 14 വെള്ളിയാഴ്ച ഉച്ചക്ക് 2 :30 മണിക്ക് ദൈവദാസന്മാരുടെ ഓർഡിനേഷൻ ശുശ്രൂഷ നടക്കുന്നതാണ്. ഒക്ടോബർ 16 ഞായറാഴ്ച രാവിലെ ഒമ്പതിന് ആരംഭിക്കുന്ന സംയുക്ത ആരാധനയിൽ നോർത്തേൺ റീജിയന്റെ വിവിധ സഭകളിൽ നിന്നുള്ള ദൈവമക്കളെ കൂടാതെ ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നുമുള്ള ധാരാളം പേർ സംബന്ധിക്കും. ഈ തലമുറയിൽ ദൈവം ശക്തമായി ഉപയോഗിക്കുന്ന പ്രശസ്ത സുവിശേഷ പ്രസംഗകരായ പാസ്റ്റർ. റെജി ശാസ്താംകോട്ട, കേരളം, പാസ്റ്റർ. ഡേവിഡ് ലാൽ, ജബൽപൂർ എന്നിവരാണ് മുഖ്യ സന്ദേശം നൽകുന്നത്. അവരെ കൂടാതെ ഐ.പി.സി.എൻ.ആറിന്റെ ലീഡേഴ്സും വിവിധ സെക്ഷനുകളിൽ വചനം സംസാരിക്കുന്നതാണ്. പ്രസിദ്ധ ക്രിസ്തീയ ഗായിക സിസ്റ്റർ പെർസിസ് ജോൺ നേതൃത്വം നൽകുന്ന സയോൺ സിംഗേഴ്സാണ് ഗാനശുശ്രൂഷ നിർവ്വഹിക്കുന്നത്.
ഇന്ത്യയിലും നേപ്പാളിലും ഉള്ള ഐ.പി.സി.എൻ.ആർ സഭകളിലെ ദൈവദാസന്മാരും ദൈവമക്കളും കൂടാതെ മറ്റ് അനേകരും സംബന്ധിക്കുന്ന ഈ യോഗങ്ങളുടെ വിജയകരമായ നടത്തിപ്പിനായുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി കൺവൻഷൻ്റെ ജനറൽ കോർഡിനേറ്റർമാരായ പാ. പി.എം ജോൺ, പാ. ലാജി പോൾ, പാ. ശാമുവേൽ തോമസ്, പാ. തോമസ് ശാമുവേൽ, പാസ്റ്റർ. ഫിലിപ്പോസ് മത്തായി, ബ്ര. എം. ജോണിക്കുട്ടി എന്നിവർ അറിയിച്ചു.