ഡാളസ്: ടെന്നസി കോളിയർവില്ലിൽ ഉണ്ടായ അഗ്നിബാധ നിമിത്തം മൂന്നു ഇൻഡ്യൻ സഹോദരടക്കം നാലു പേർ മരണപ്പെട്ടു. ഡിസംബർ 23 ഞായറാഴ്ച രാത്രിയിൽ ആണു ടെന്നസി മെംഫിസിൽ നിന്നും 30 മൈലുകൾ ദൂരമുള്ള കോളിയർവില്ലിലെ ഭവനത്തിൽ തീ പിടുത്തമുണ്ടായത്.
മിസിസിപ്പിയിൽ സ്കൂൾ വിദ്യാർത്ഥികളായിരുന്ന ഷാരോൻ നായിക് (17), ജോയ് നായിക് (15), ആരോൺ നായിക് (14) എന്നിവരും ഇവർ പാർത്തിരുന്ന ഭവനത്തിലെ വീട്ടുടമയുടെ ഭാര്യ കാരി ക്രോഡിയറ്റുമാണു (46) അഗ്നിബാധയിൽ മരിച്ചത്. തെലങ്കാനയിൽ നൽഗോണ്ട ജില്ലയിൽ നേരേദുഗോമ്മുവിൽ ശ്രീനിവാസ് നായിക്-സുജാത ദമ്പതികളുടെ മൂന്നു മക്കൾക്കാണു ദാരുണ അന്ത്യം സംഭവിച്ചത്.
ഭവനത്തിൽ ഉണ്ടായിരുന്ന വീട്ടുടമ ഡാനി കോഡ്രിയറ്റും, പുത്രനും വീടിന്റെ രണ്ടാം നിലയിൽ നിന്നു പുറത്തു ചാടി നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ പൂർണ്ണമായും സൗഖ്യം പ്രാപിക്കുമെന്നാണു കരുതുന്നത്. അപകടവിവരം അറിഞ്ഞ് അഗ്നിശമനസേന സ്ഥലത്തെത്തിയപ്പോഴേക്കും, വീടു പൂർണ്ണമായും തീനാളങ്ങളിൽ അമർന്നിരുന്നു. രക്ഷാപ്രവർത്തനത്തിനു നേതൃത്വം കൊടുത്ത അഗ്നിശമനാ പ്രവർത്തകർക്കും നിസാരമായ പരിക്കു ഏറ്റിരുന്നു. ഇവർ പാർത്തിരുന്ന ഭവനത്തിന്റെ താഴത്തെ നിലയിൽ ആണു ആദ്യം തീപിടുത്തമുണ്ടായതെന്നു കരുതുന്നു.
തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല, എങ്കിലും പ്രവർത്തനക്ഷമമായ ഒരു സ്മോക്ക് ഡിറ്റക്ടർ മാത്രമേയുള്ളായിരുന്നു വെന്ന് അധികൃതർ അറിയിച്ചു.
കോളിയർവിൽ ബൈബിൾ ചർച്ചിന്റെ ഭാരതത്തിലെ മിഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തിരുന്ന ഭവനമാണു പാസ്റ്റർ ശ്രീനിവാസ് നായിക്.