ന്യൂഡൽഹി∙ ഇന്ത്യയുടെ സൈനിക, ആയുധ ശക്തികൾ വിളിച്ചോതുന്ന റിപ്പബ്ലിക് ദിനപരേഡിന് തുടക്കം. രാഷ്്ട്രപതി റാം നാഥ് കോവിന്ദ് സല്യൂട്ട് സ്വീകരിച്ചു. അമർ ജവാൻ ജ്യോതിയിലെത്തി രാഷ്ട്രപതിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൈനിക മേധാവികളും ആദരമർപ്പിച്ചു. ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് സിറിൽ റമഫോസയാണു മുഖ്യാതിഥി. രാഷ്ട്രപതിക്കു പുറമെ, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി നിർമല സീതാരാമൻ, വെങ്കയ്യ നായിഡു, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്.
അതേസമയം, കേരളത്തിലെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കും തുടക്കമായി. റിപ്പബ്ലിക് ദിനപ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മുഖ്യമന്ത്രി പിണറായി വിജയനേയും പ്രശംസിച്ച് ഗവർണർ പി.സദാശിവം. മോദിയുടെ ഭരണം സാമ്പത്തിക പുരോഗതിയുണ്ടാക്കി. കേന്ദ്രസർക്കാരിന്റെ വികസന പദ്ധതികൾ ഗുണം ചെയ്തു. മുഖ്യമന്ത്രി അടിസ്ഥാന സൗകര്യ വികസനത്തിൽ ശ്രദ്ധചെലുത്തിയെന്നും ഗവർണർ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങിൽ പങ്കെടുത്തു.
വിജയ് ചൗക്കിൽ നിന്നു തുടങ്ങിയ റിപ്പബ്ലിക് ദിന പരേഡ് രാജ്പഥ്, തിലക് മാർഗ്, ബഹാദുർ ഷാ സഫർ മാർഗ്, നേതാജി സുഭാഷ് മാർഗ് വഴി ചെങ്കോട്ടയിലേക്കു നീങ്ങുകയാണ്. സൈനിക ശക്തി വിളിച്ചോതുന്ന ആയുധങ്ങളുടെ പ്രദർശനം, വിവിധ സേനാവിഭാഗങ്ങളുടെ മാർച്ച്, കലാരൂപങ്ങൾ എന്നിവ പരേഡിന് ആവേശം പകരും. യുദ്ധവിമാനങ്ങളുടെ അഭ്യാസ പ്രകടനങ്ങളോടെ പരേഡ് സമാപിച്ചു.