ധാക്ക: ധാക്കയില്‍ കെമിക്കല്‍ ഗോഡൗണായി ഉപയോഗിക്കുന്ന അപ്പാർട്മെന്റിലുണ്ടായ തീപിടിത്തത്തില്‍ 69 പേര് മരിച്ചു. നിരവധി പേര് കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്ന് ബംഗ്ലാദേശ് അഗ്നിശമന സേനാ വിഭാഗം അറിയിച്ചു.
ധാക്കയിലെ ചൗക്ബസാറിലാണ് തീപിടിത്തം ഉണ്ടായത്. ഗ്യാസ് സിലിണ്ടറില്‍ നിന്നാവാം തീ പടര്‍ന്നതെന്നാണ് കരുതുന്നത്. കെമിക്കലുകള്‍ സൂക്ഷിച്ചിരുന്ന കെട്ടിടം ആയതിനാല്‍ തീ വേഗത്തില്‍ പടര്‍ന്നു പിടിച്ചു. കെമിക്കലുകള്‍ സൂക്ഷിച്ചിരുന്ന നാല് കെട്ടിടങ്ങളും നിമിഷനേരം കൊണ്ടാണ് തീ വിഴുങ്ങിയത്. ചെറു ധാന്യങ്ങളും ബോഡി സ്പ്രേയും സൂക്ഷിച്ചിരുന്ന കെട്ടിടവും അഗ്നി വിഴുങ്ങി. പ്രദേശത്ത് ട്രാഫിക് ബ്ലോക്ക് ഉണ്ടായതും രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു.
പ്രദേശത്ത് വിവാഹ ചടങ്ങില്‍ പങ്കെടുത്തവരും അപകടത്തില്‍പെട്ടു. രണ്ട് കാറുകളും പത്തോളം ബൈക്കുകളും കത്തി നശിച്ചു.