ഭുവനേശ്വര്‍: ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഒഡീഷ സ്വദേശിയെ ദാരുണമായ വിധത്തില്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. ഫെബ്രുവരി പതിനൊന്നാം തീയതി നബരംഗപൂർ ജില്ലയിൽ വെച്ചാണ് കൊലപാതകം നടന്നത്. ആനന്ദ് റാം ഗൺഡ് എന്ന ഒഡീഷ സ്വദേശിയെ തലയറുത്ത് കൊലപ്പെടുത്തിയതായി ഏഷ്യാ ന്യൂസ് മാധ്യമമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഭാരത സമൂഹത്തിൽ വിവേചനം നേരിടുന്ന ക്രൈസ്തവർക്ക് വേണ്ടി പ്രവർത്തിക്കുന്ന പെർസിക്യൂഷൻ റിലീഫ് നെറ്റ്‌വർക്ക് സംഘടനയുടെ സ്ഥാപകനായ ഷിബു തോമസാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ഏഷ്യാ ന്യൂസിന് കൈമാറിയത്.
40 വയസ്സുകാരനായ ആനന്ദ് റാം അഞ്ച് കുട്ടികളുടെ പിതാവായിരുന്നു. രണ്ടുമാസം മുമ്പാണ് അദ്ദേഹം യേശുവിനെ രക്ഷകനായി സ്വീകരിച്ചത്. ഇത് തീവ്ര ഹൈന്ദവ വാദികളെ ചൊടിപ്പിക്കുകയായിരിന്നു. ഇവര്‍ നക്സലുകൾക്ക് ആയുധം നൽകി ആനന്ദ് റാമിനെ വധിക്കുകയായിരുന്നുവെന്ന് ഷിബു തോമസ് പറഞ്ഞു. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിനു ശേഷം സ്വന്തം ഗ്രാമത്തിൽ പ്രവേശിക്കുന്നതിൽ നിന്നു പോലും ആനന്ദ് റാം വിലക്കപ്പെട്ടിരുന്നു.
ഇഷ്ടമുള്ള മതവിശ്വാസം സ്വീകരിക്കാനും അത് മറ്റുള്ളവരുമായി പങ്കുവയ്ക്കാനും ഇന്ത്യൻ ഭരണഘടന ഇരുപത്തിയഞ്ചാം ആർട്ടിക്കിൾ പ്രകാരം നൽകിയിരിക്കുന്ന അവകാശം ക്രൈസ്തവർക്ക് ലഭിക്കുന്നില്ലായെന്നതിന്റെ ഒടുവിലത്തെ തെളിവായാണ് ഈ സംഭവത്തെ പെർസിക്യൂഷൻ റിലീഫ് നെറ്റ്‌വർക്ക് നോക്കിക്കാണുന്നത്. സംഭവത്തില്‍ പ്രധാനമന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിയും അന്വേഷണം പ്രഖ്യാപിക്കണമെന്നും, ആനന്ദ് റാമിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും സംഘടന ആവശ്യപ്പെട്ടു.