ന്യൂഡൽഹി: അതിർത്തിയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിലേയും പാകിസ്താനിലേയും സംഘർഷ മേഖലകൾ ഉൾപ്പെടുന്ന വ്യോമപാതയിലെ എല്ലാ അന്താരാഷ്ട്ര,ആഭ്യന്തര വിമാന സർവീസുകളും നിർത്തിവെച്ചു.
ഈ മേഖലകളിലെ വ്യോമപാത ഉപയോഗിക്കുന്ന അന്താരാഷ്ട്ര വിമാനങ്ങൾ സർവീസുകൾ നിർത്തിവെക്കുകയോ വിമാനങ്ങൾ വഴി തിരിച്ചു വിടുകയോ ചെയ്തിട്ടുണ്ട്.
ഇന്ത്യയും പാകിസ്താനും സംഘർഷ മേഖലകളിലേയും സമീപ പ്രദേശങ്ങളിലേയും വിമാനത്താവളങ്ങൾ അടച്ചിരുന്നു. ജമ്മു, ലേ, ശ്രീനഗർ. അമൃത്സർ, ചണ്ഡിഗഡ് വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളാണ് ഇന്ത്യ താത്കാലികമായി നിർത്തിവെച്ചത്.
ലാഹോർ, മുൾട്ടാൻ, ഫൈസലാബാദ്, സിയാൽകോട്ട്, ഇസ്ലാമാബാദ് വിമാനത്താവളങ്ങളാണ് പാകിസ്താൻ അടച്ചത്. ഈ വിമാനത്താവളങ്ങളിൽ നിന്നുള്ള എല്ലാ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളും നിർത്തിവെച്ചിട്ടുണ്ട്.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യ രാജ്യത്തെ മറ്റ് വിമാനത്താവളങ്ങൾക്കും ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച പുലർച്ചെ ഇന്ത്യൻ വ്യോമസേന പാക്ക് ഭീകരകേന്ദ്രങ്ങൾ തകർത്തതിന് പിന്നാലെ കശ്മീരിലെങ്ങും ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിരുന്നു.