ന്യൂഡൽഹി : മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർത്തമാനെ പാകിസ്താൻ ഇന്ത്യക്ക് ഔദ്യോഗികമായി കൈമാറി. വൈകീട്ട് 5.25 ഓടെ അഭിനന്ദനെ ഇന്ത്യക്ക് കൈമാറിയെന്ന്
റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ നടപടിക്രമങ്ങൾ പിന്നെയും മണിക്കൂറുകൾ നീണ്ടു. ഇതേ തുടർന്ന് കൈമാറ്റം ഔദ്യോഗികമായി പൂർത്തിയാക്കാനായത് 9.20 നാണ്.
വാഗാ അതിർത്തിയിൽ ബിഎസ്എഫാണ് അഭിനന്ദൻ വർത്തമാനെ പാക് അധികൃതരിൽ നിന്ന് സ്വീകരിച്ചത്. മലയാളിയായ വ്യോമാസേന ഗ്രൂപ്പ് ക്യാപ്റ്റൻ ജോയ് തോമസ് കുര്യനും പാകിസ്താനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനും ബിഎസ്എഫിനെ അനുഗമിച്ചിരുന്നു. ഇന്ത്യൻ അതിർത്തി കടന്ന ഉടൻ അഭിനന്ദനെ വിശദമായ വൈദ്യ പരിശോധനക്കായി അമൃത്സറിലേക്ക് കൊണ്ടപോയി. ഇവിടെ നിന്ന് വിമാനത്തിൽ ഡൽഹിയിലേക്ക് പോകും.
മാതാപിതാക്കളും ബന്ധുക്കളും അഭിനന്ദനെ സ്വീകരിക്കുന്നതിനായി വാഗാ അതിർത്തിയിലെത്തിയരുന്നു.