ബെംഗളൂരു: ഐ.പി.സി കർണാടക സ്റ്റേറ്റ് വാർഷിക കൺവെൻഷൻ ഹൊറമാവ് അഗര ഐ.പി.സി ഹെഡ്ക്വാർട്ടേഴ്സിൽ വച്ച് 2021 ഫെബ്രുവരി 7 മുതൽ 14 വരെ നടക്കും. നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് യോഗങ്ങൾ നടത്തുവാനാണ് സ്റ്റേറ്റ് കൗൺസിൽ തീരുമാനം. ഓൺലൈൻ മാധ്യമങ്ങളിലൂടെ എല്ലാവർക്കും പങ്കെടുക്കത്തക്കവണ്ണമുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നു.
സ്വദേശത്തു നിന്നും വിദേശത്തു നിന്നും അനുഗ്രഹീതരായ ദൈവദാസന്മാർ ദൈവവചന ശുശ്രൂഷ നിർവഹിക്കും. കോവിഡ്- 19 ൻറെ പശ്ചാത്തലത്തിൽ വൈകുന്നേരം 6 മുതൽ 8 വരെയുള്ള സുവിശേഷ യോഗങ്ങളായിരിക്കും നടക്കുക. ഇപ്പോഴത്തെ നിയന്ത്രണങ്ങൾ വ്യത്യാസപ്പെടുന്നില്ലെങ്കിൽ കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ച് കൺവെൻഷൻ ഗ്രൗണ്ടിൽ 200 പേർക്കു മാത്രമേ പ്രവേശനാനുമതി നൽകുകയുള്ളൂ.
വിപുലമായ ഒരുക്കങ്ങൾക്കായി പാസ്റ്റർ ജോസ് മാത്യു ജനറൽ കൺവീനറായും പാസ്റ്റർ എ. വൈ. ബാബു, ബ്രദർ റെജി ജോർജ് എന്നിവരെ കൺവീനർമാരായും സ്റ്റേറ്റ് കൗൺസിൽ തിരഞ്ഞെടുത്തു. വിവിധ ഓൺലൈൻ മാധ്യമങ്ങളിലൂടെ യോഗങ്ങൾ തത്സമയം വീക്ഷിക്കുവാൻ ലോകമെമ്പാടുമുള്ള ദൈവജനത്തിന് അവസരമൊരുക്കുമെന്ന് ജനറൽ കൺവീനർ പാസ്റ്റർ ജോസ് മാത്യു അറിയിച്ചു.