ബംഗലൂരു: കര്‍ണാടകയുടെ പുതിയ മുഖ്യന്ത്രിയായി ബസവരാജ് ബൊമ്മെയെ തിരഞ്ഞെടുത്തു. ബംഗലൂരുവില്‍ ബി.ജെ.പിയുടെ നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനം. സത്യപ്രതിജ്ഞ ഇന്ന് നടക്കും.
നിലവില്‍ യെദ്യൂരപ്പ സര്‍ക്കാരിലെ ആഭ്യന്തര മന്ത്രിയാണ് രാജിവെച്ച മുഖ്യമന്ത്രി യെദ്യൂരപ്പയുടെ വിശ്വസ്തനായ ബസവരാജ് ബൊമ്മെ. കര്‍ണാടക മുന്‍ മന്ത്രി എസ്.ആര് ബൊമ്മെയുടെ മകനാണ് ബസവരാജ്. ജനദാദള്‍ നേതാവായിരുന്ന ബസവരാജ് ബൊമ്മെ 2008ലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ഹൂബ്ലി മേഖലയില്‍ നിന്നുള്ള ലിംഗായത്ത് നേതാവ് കൂടിയാണ് ബസവരാജ് ബൊമ്മെ.
പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതില്‍ എം.എല്‍.എമാരുടെ അഭിപ്രായമറിയാന്‍ ഇന്നലെ വൈകുന്നേരം ബി.ജെ.പി നിയമസഭാകക്ഷിയോഗം ബംഗലൂരുവില്‍ ചേര്‍ന്നിരുന്നു. പാര്‍ട്ടിയുടെ കര്‍ണാടകയിലെ കേന്ദ്രനിരീക്ഷകനും കേന്ദ്രമന്ത്രിയുമായ കിഷന് റെഡ്ഡി ബംഗലൂരുവില്‍ എത്തിയിരുന്നു. യോഗത്തില്‍ കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രഥാന്, പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് എന്നിവരും പങ്കെടുത്തു. ഈ യോഗത്തിലാണ് തീരുമാനമുണ്ടായത്.
ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ തന്റെ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികദിനത്തിലാണ് യെദ്യൂരപ്പ രാജിവെച്ചത്. തിങ്കളാഴ്ച ഗവര്‍ണര്‍ക്ക് അദ്ദേഹം രാജിക്കത്ത് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.