കുന്നംകുളം: യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പ് (യുപിഎഫ്) യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 1 ഗ്രീൻഫുൾ ഡേ ആയി ആചരിച്ചു. പ്രകൃതി സംരക്ഷണസംഘവും യുപിഎഫ് യൂത്ത് വിംഗ് സംയുക്തമായി സംഘടിപ്പിച്ച പരിപാടി ഐപിസി പോർക്കുളം രഹബോത്ത് ചർച്ച് ഗ്രൗണ്ടിൽ ഫലവൃക്ഷ തൈ നട്ടുകൊണ്ട് കുന്നംകുളം പോലീസ് സ്റ്റേഷൻ എഎസ്ഐ ഗോകുലൻ സി. ഉദ്ഘാടനം ചെയ്തു.
യൂത്ത് വിംഗ് പ്രസിഡന്റ് ബ്രദർ ജോബിഷ് ചൊവല്ലൂർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രകൃതി സംരക്ഷണസംഘം സംസ്ഥാന കമ്മറ്റിയംഗം ഷാജി തോമസ് എൻ ഒരു മാസം നീളുന്ന പ്രവർത്തനങ്ങളെക്കുറിച്ചും പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. പദ്ധതിയുടെ ഭാഗമായി ഐപിസി പ്രയർ കാസിൽ ചർച്ച്, ഇജിഎം പെന്തക്കോസ്റ്റൽ ചർച്ച് തുടങ്ങിയ സ്ഥലങ്ങളിൽ ഫലവൃക്ഷ തൈകൾ നട്ടു. യുപിഎഫ് ജനറൽ സെക്രട്ടറി പാസ്റ്റർ സന്തോഷ് മാത്യു ബ്രോഷർ പ്രകാശനം നിർവഹിച്ചു. യൂത്ത് വിംഗ് സെക്രട്ടറി ബ്രദർ ഷിജു പനയ്ക്കൽ, പാസ്റ്റർമാരായ കെപി ബേബി, കെപി പോൾസൻ എന്നിവർ പ്രസംഗിച്ചു. യൂത്ത് വിംഗ് ട്രഷറർ സോഫിയ റോയ്, കമ്മറ്റി അംഗങ്ങളായ അഡ്വ: ക്ലിന്റൻ കല്ലേരി, ബ്രദർ കെനസ് തമ്പാൻ, ഗയോസ് തമ്പാൻ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.