തിരുവനന്തപുരം: തിരഞ്ഞെടുപ്പു കമ്മിഷൻ കലാശക്കൊട്ട് വിലക്കിയെങ്കിലും സ്ഥാനാർഥികളുടെ റോഡ് ഷോയും പ്രവർത്തകരുടെ ആരവങ്ങളുമായി തിരഞ്ഞെടുപ്പു പ്രചാരണത്തിന് ആഘോഷപൂർവം സമാപനം. ഇന്നു നിശ്ശബ്ദ പ്രചാരണത്തിനു ശേഷം നാളെ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ വോട്ടെടുപ്പ്. മാവോയിസ്റ്റ് ഭീഷണിയുള്ള 9 മണ്ഡലങ്ങളിൽ വൈകിട്ട് 6 വരെയാണു വോട്ടെടുപ്പ്. എല്ലാ മണ്ഡലങ്ങളിലും അവസാനത്തെ ഒരു മണിക്കൂറിൽ കോവിഡ് ബാധിതർക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും പിപിഇ കിറ്റ് ധരിച്ചെത്തി വോട്ടു ചെയ്യാം. പോളിങ് സാധനങ്ങളുടെ വിതരണം ഇന്നു നടക്കും. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 957 സ്ഥാനാർഥികളാണു മത്സരിക്കുന്നത്. വോട്ടർമാർ 2.74 കോടി.
ഓഫിസ് സമയത്ത് 1950 എന്ന നമ്പറിൽ വിളിച്ചാൽ അതതു കലക്ടറേറ്റുകളിൽ നിന്ന് തിരഞ്ഞെടുപ്പ് സംബന്ധിച്ച സംശയങ്ങൾക്കു മറുപടി ലഭിക്കും.
www.voterportal.eci.gov.in, www.ceo.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ വോട്ടർ തിരിച്ചറിയൽ കാർഡ് നമ്പർ ഉപയോഗിച്ചു തിരഞ്ഞാൽ പട്ടികയിൽ പേരുണ്ടോ എന്നു വേഗം കണ്ടെത്താം.
Voter Helpline എന്ന മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് ബൂത്തിലെ വോട്ടർ പട്ടിക ഡൗൺലോഡ് ചെയ്ത് അതു മുഴുവൻ പരിശോധിച്ചും പേരുണ്ടോ എന്നുറപ്പിക്കാം.