പുനലൂർ: അസ്സംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് ക്രൈസ്റ്റ്സ് അംബാസഡേഴ്സിന്റെ നേതൃത്വത്തിൽ വിവിധ ജില്ലാ ആശുപത്രികളിൽ നടക്കുന്ന രക്ത ദാനത്തിന് തുടക്കം കുറിച്ചു. ഇന്നലെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയാണ് ബ്ലഡ് ചലഞ്ച് ആരംഭിച്ചത്. ക്രൈസ്റ്റ്സ് അംബാസിഡേഴ്സ് ഡിസ്ട്രിക്റ്റ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് പാസ്റ്റർ സാം പി. ലൂക്കോസ്, കമ്മിറ്റി മെമ്പർ ബ്രദർ ബിനിഷ് ബി.പി. എന്നിവരുടെ നേതൃത്വത്തിൽ കുറുവിലങ്ങാട്, കോട്ടയം സെക്ഷൻ സി.എ. അംഗങ്ങളും കോട്ടയം സെക്ഷൻ സി.എ. പ്രസിഡന്റ് പാസ്റ്റർ രാജീവ് ജോണും കോട്ടയം മെഡിക്കൽ കോളേജിൽ രക്തം ദാനം ചെയ്തു.
വാക്സിൻ സ്വീകരിക്കുന്നവർക്ക് നിശ്ചിത കാലത്തേക്ക് രക്തം ദാനം ചെയ്യുവാൻ കഴിയില്ല. ഇത് രക്തദാതാക്കളുടെ എണ്ണം കുറക്കുമെന്ന ആശങ്ക ഉയർത്തുന്നു. രക്തദാനത്തിന് യുവജനങ്ങൾ മുമ്പോട്ട് വരണം എന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്താണ് സിഎ പ്രവർത്തകർ കേരളത്തിലെ വിവിധ ഗവൺമെൻ്റ് ആശുപത്രികളിൽ രക്തദാനം നടത്താൻ തീരുമാനിച്ചത്. ഇന്നും നാളെയും കോട്ടയം മെഡിക്കൽ കോളേജിൽ സി എ അംഗങ്ങൾ രക്തദാനത്തിനായി എത്തും. കോവിഡ്നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ട് ആശുപത്രി അധികൃതർ അറിയിക്കുന്നത്ര ആളുകൾ ആയിരിക്കും ഓരോ ദിവസങ്ങളിലും എത്തുക. ശനിയാഴ്ച പുനലൂർ താലൂക്ക് ആശുപത്രിയിലും തിങ്കളാഴ്ച എർണാകുളം ജനറൽ ആശുപത്രിയിലും സി.എ. അംഗങ്ങൾ രക്തം ദാനം ചെയ്യുമെന്ന് അറിയിച്ചു.