തിരുവനന്തപുരം: കോവിഡ് വ്യാപനം തടയാൻ സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ നിലവിൽവന്നു. പ്രത്യേകമായി വിന്യസിച്ച 25,000 പൊലീസ് ഉദ്യോഗസ്ഥർ സംസ്ഥാനത്തുടനീളം ലോക്ഡൗണ്‍ നിർദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കും. മുതിര്‍ന്ന ഓഫിസര്‍മാര്‍ നേതൃത്വം നല്‍കും. ഇൗമാസം 16 വരെയാണ് നിയന്ത്രണങ്ങൾ.
ജില്ല അതിർത്തികളിലും പ്രധാന നഗരത്തിലേക്കുള്ള പ്രധാനകവാടങ്ങളിലും പൊലീസ് ചെക്പോസ്റ്റുകൾ സ്ഥാപിച്ചാണ് പരിശോധന. നഗരങ്ങളിൽ എല്ലാ സ്റ്റേഷൻ പരിധിയിലും പരിശോധന നടക്കുന്നുണ്ട്. അനാവശ്യ യാത്ര നടത്തുന്നവരെ കണ്ടെത്തി തിരിച്ചയച്ചു. ഇത്തരക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കും. വാഹനങ്ങൾ കസ്റ്റഡിയിലെടുക്കും. കടകൾ തുറന്നിട്ടുണ്ടെങ്കിലും ഉപഭോക്താക്കൾ പതിവിലും വളരെ കുറവാണ്. ഹോംഡെലിവറിക്കാണ് പ്രാമുഖ്യം നൽകുക. വൈകീട്ട് 7.30ന് കടകൾ അടയ്ക്കണം.
െപാതുഗതാഗതമില്ലാത്തതിനാൽ ആളുകൾ നഗരത്തിലെത്തുന്നത് കുറയും. ചരക്കുഗതാഗതത്തിനും അവശ്യ സർവിസുകൾക്കും മാത്രമേ അനുമതിയുള്ളൂ. മിക്കസർക്കാർ ഒാഫിസുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് പുറമെ പഴം, പച്ചക്കറി, മത്സ്യം, ഇറച്ചി വിൽപനശാലകളും ബേക്കറികളും തുറന്നിട്ടുണ്ട്. അതേസമയം, തട്ടുകടകൾക്ക് അനുമതിയില്ല. ബാങ്കുകൾ, ധനകാര്യസ്ഥാപനങ്ങൾ എന്നിവക്ക് ഒന്നിടവിട്ട ദിനങ്ങളിൽ മാത്രമാണ് പ്രവർത്തന അനുമതി. റസ്റ്റാറൻറുകൾക്ക് രാവിലെ മുതൽ വൈകീട്ടുവരെ പാർസൽ, ഹോം ഡെലിവറി നടത്താം. അന്തർജില്ല യാത്രകൾ പരമാവധി ഒഴിവാക്കണം.
അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തുപോകുന്നവർ പൊലീസിൽനിന്ന് മുൻകൂട്ടി പാസ് വാങ്ങണം.
അടിയന്തര യാത്രക്ക് പാസ് അനുവദിക്കുന്ന പൊലീസ് സംവിധാനം ശനിയാഴ്ച വൈകിട്ട് നിലവിൽ വരും. ജില്ലാ പൊലീസ് മേധാവിമാരുടെ വെബ്സൈറ്റിലാണ് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കേണ്ടത്. മൊബൈലിലോ ഇ-മെയിലിലോ പാസ് ലഭിക്കും.
കോവിഡ് തീവ്രവ്യാപനം വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ച തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ യോഗം ഇന്ന് ചേരും. രാവിലെ 11നാണ് വീഡിയോ കോൺഫറൻസിങ്. സംസ്ഥാനത്ത് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 4 ലക്ഷവും നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 10 ലക്ഷവും കടന്നു.