ലോക്ക്ഡൗൺ: ക്രൈസ്തവ കുടുംബങ്ങൾ വീണ്ടും ആരാധനാലയങ്ങളാവുന്നു

കോട്ടയം: കോവിഡ് വ്യാപനത്തെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങളാൽ ആരാധനാലയങ്ങളിലെ ശുശ്രൂഷകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതോടെ നാളെ മുതൽ വീണ്ടും ഓണ്‍ലൈന്‍ പ്രാർത്ഥനകൾ മാത്രം വിശ്വാസികള്‍ക്ക് ആശ്രയമായി തീരുകയാണ്. ഐ.പി.സി, ചർച്ച് ഓഫ് ഗോഡ്, അസംബ്ലീസ് ഓഫ് ഗോഡ് , ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ്, ശാരോൻ ഫെലൊഷിപ്പ് തുടങ്ങിയ മുഖ്യധാര പെന്തെക്കൊസ്ത് സഭകൾ വീണ്ടും ഓൺലൈൻ ആരാധനകൾക്ക് വേണ്ട ക്രമീകരണങ്ങൾ ചെയ്തതായി സഭാ നേതാക്കൾ അറിയിച്ചു.

ഭാരതത്തിലെ ക്രൈസ്തവ പെന്തെക്കൊസ്ത് വിഭാഗങ്ങളിലെ വീടുകൾ വീണ്ടും ആരാധനാലയങ്ങളും ഓണ്‍ലൈന്‍ കൂട്ടായ്മകളുടെ സംഗമ വേദിയുമാകുകയാണ്. ലോക്ക്ഡൌണില്‍ ആരാധനാലയങ്ങളിൽ വിശ്വാസികളെ പ്രവേശിപ്പിക്കരുതെന്നാണ് സർക്കാർ നിര്‍ദേശം. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നു കേരളത്തിൽ സംപൂര്‍ണ്ണമായി ആരാധനാലയങ്ങള്‍ അടച്ചിടുന്നത് രണ്ടാം തവണയാണ്. മിക്ക കുടുംബങ്ങളും ഇപ്പോൾ പവർവിഷനിലെ വീട്ടിലെ സഭായോഗം, ഹാർവെസ്റ്റ് ടി.വി തുടങ്ങിയ ചാനലുകളിലെ ആരാധനകൾ എന്നാവയിൽ പങ്കെടുക്കും. സൂം, ഫെയ്സ്ബുക് ലൈവ്, ടി.വി ചാനലുകൾ എന്നിവ അനേകർക്ക് ആശ്വാസമാണ്. എല്ലാ വിശ്വാസ കുടുംബങ്ങളിലും ഓൺലൈൻ സൗകര്യമില്ലാത്തിടത്ത് കോൺഫറൻസ് കോളിലൂടെയും മറ്റും കൂട്ടായ്മ നടത്തുന്നിടങ്ങളുമുണ്ട്.

Comments (0)
Add Comment