കോഴിക്കോട്: കനത്ത മഴ തുടരുന്നതിനിടെ സംസ്ഥാനത്ത് പലയിടങ്ങളിലും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും. മഴക്കെടുതികളില്‍പ്പെട്ട് വിവിധ ജില്ലകളിലായി 20 പേര്‍ മരിച്ചു. നിലമ്പൂര്‍, വൈത്തിരി, ഇടുക്കി കഞ്ഞിക്കുഴി എന്നിവടങ്ങളിലെല്ലാം ഉരുള്‍പൊട്ടി. അടിമാലിയില്‍ മണ്ണിടിച്ചിലില്‍ ഒരുകുടുംബത്തിലെ അഞ്ച് പേരും കഞ്ഞിക്കുഴി പെരിയാര്‍വാലിയില്‍ ഉരുള്‍പൊട്ടലില്‍ രണ്ട് പേരും മരിച്ചു.
കോഴിക്കോട് മട്ടിക്കുന്ന് കണ്ണപ്പന്‍ക്കുണ്ടില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പുഴ വഴിമാറി ഒഴുകി വ്യാപക നാശം. ഈ പ്രദേശം ഒറ്റപ്പെട്ടു. വയനാട് ജില്ല ഒറ്റപ്പെട്ട നിലയിലാണ്. താമരശ്ശേരി, പാല്‍ച്ചുരം, കുറ്റ്യാടി ചുരങ്ങളിലും മണ്ണിടിഞ്ഞ് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.
ജില്ലയിലെ മറ്റ് ഭാഗങ്ങളിലും വെള്ളം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ബാണാസുര സാഗര്‍ ഡാമിന്റെ രണ്ട് ഷട്ടറുകളും തുറന്നിട്ടിരിക്കുകയാണ്. ഡാമിന് താഴെയുള്ള പ്രദേശങ്ങളിലെല്ലാം വെള്ളപ്പൊക്ക ഭീഷണിയാണ്. ജില്ലയിലാകമാനം 21 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.
അതേസമയം താമരശേരി ഒമ്പതാം വളവില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. രണ്ട് ദിവസമെങ്കിലും കഴിയാതെ തടസ്സം നീക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. യാത്രക്കാര്‍ താമരശ്ശേരി ചുരത്തില്‍ കുടുങ്ങി കിടക്കുകയാണ്. നേരത്തെ വയനാട്ടിലേക്കുള്ള കുറ്റ്യാടി ചുരവും പാല്‍ ചുരവും ഗതാഗതം തടസ്സപ്പെട്ടിരുന്നു.
മഴക്കെടുതി വിലയിരുത്താന്‍ മുഖ്‌യമന്ത്രി ഉന്നതല യോഗം വിളിച്ചിട്ടുണ്ട്. റവന്യൂ മന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.